IndiaLatest

എല്ലാ ഇന്‍ഡ്യക്കാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ ഐഡി സംവിധാനം

“Manju”

ന്യൂഡെല്‍ഹി: എല്ലാ ഇന്‍ഡ്യക്കാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ ഐഡി സംവിധാനം ലഭ്യമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ആരോഗ്യ സംവിധാനത്തില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പ്രധാന പങ്കു വഹിക്കുമെന്നും ഇനി മുതല്‍ ഇന്‍ഡ്യക്കാര്‍ക്ക് ഒറ്റ ക്ലികില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

130 കോടി ആധാര്‍ തിരിച്ചറിയല്‍ രേഖകള്‍, 118 കോടി മൊബൈല്‍ ഉപയോക്താക്കള്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 80 കോടി പേര്‍, 43 കോടി ജന്‍ധന്‍ ബാങ്ക് അകൗണ്ടുകള്‍ ഇത്രയേറെ ബന്ധിപ്പിക്കപ്പെട്ട സംവിധാനം ലോകത്ത് മറ്റൊന്നുണ്ടാകില്ല. രോഗം ഭേദപ്പെടുത്തുക മാത്രമല്ല രോഗം വരാതെ തടയുക കൂടി ചെയ്യുന്ന സംവിധാനത്തിലാണ് ഇന്‍ഡ്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളെയെല്ലാം ബന്ധിപ്പിക്കാന്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ സഹായിക്കും. പദ്ധതി പ്രകാരം എല്ലാ ഇന്‍ഡ്യക്കാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ ഐഡി ലഭ്യമാകും. എല്ലാ പൗരന്മാരുടെയും ആരോഗ്യം സംബന്ധിച്ച രേഖകള്‍ സുരക്ഷിതമായിരിക്കും. ഡിജിറ്റലൈസേഷന്‍ ആരോഗ്യ മേഖലയെ കൂടുതല്‍ എളുപ്പമുള്ളതാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൊബൈല്‍ ആപ് വഴി ആളുകള്‍ക്ക് അവരുടെ ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഇത്തരം വിവരങ്ങള്‍ പരിശോധിക്കാനോ കൈമാറ്റം ചെയ്യാനോ ആളുകളുടെ അനുമതിയും ആവശ്യമായിവരും. മധ്യവര്‍ഗത്തിന്റെയും പാവപ്പെട്ടവരുടെയും ചികിത്സയിലെ പ്രശ്‌നങ്ങളില്ലാതാക്കാന്‍ പദ്ധതി പ്രധാന പങ്കുവഹിക്കും. രാജ്യത്തെ ആരോഗ്യ മേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ അതു കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button