IndiaLatest

മഹാരാഷ്ട്രയില്‍ പേമാരി; 17 മരണം

“Manju”

ഗുലാബ് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 17 പേര്‍ മരിച്ചു. വരള്‍ച്ച സാധ്യതയുള്ള മാറാത്തവാഡയിലാണ് 24 മണിക്കൂറിനുള്ളില്‍ 10 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചു. പേമാരിയിലും തുടരുണ്ടായ മഴക്കെടുതിയിലും മഹാരാഷ്ട്രയിലെ മാറാത്തവാഡ മേഖലയിലാണ് കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഗുലാബ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള കനത്ത മഴ മഹാരാഷ്ട്രയിലുമെത്തിയതോടെ വിദര്‍ഭ, മറാത്ത്‌വാഡ പ്രദേശങ്ങളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. യവത്മലില്‍ ഒരു എം.എസ്.ആര്‍.ടി.സി. ബസ് വെള്ളത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട സംഭവത്തില്‍ 4 യാത്രക്കാര്‍ മരിച്ചു. രണ്ട് യാത്രക്കാരെ രക്ഷപ്പെടുത്തി. ബസ് ഉമര്‍ഖെഡ് താലൂക്കില്‍ പാലം കടക്കുന്നതിനിടയിലാണ് ശക്തമായ ഒഴുക്കില്‍ 50 അടിയോളം ദൂരേയ്ക്ക് ഒഴുകിപ്പോയത്.
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. നഗരത്തില്‍ ചൊവ്വാഴ്ച ഓറഞ്ച് അലേര്‍ട്ടും താനെ, പാല്‍ഘര്‍, നാസിക് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. എന്നാല്‍ കാര്യമായ വെള്ളക്കെട്ട് എവിടെയും രൂപപ്പെട്ടില്ല.

ലോക്കല്‍ ട്രെയിനുകള്‍ തടസ്സമില്ലാതെ ഓടി. ബെസ്റ്റ് ബസ്സുകളും ചില റൂട്ടുകളിലൊഴികെ തടസ്സപ്പെട്ടില്ല. മുംബൈയില്‍ കാലത്ത് എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ 68 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ലാത്തൂരില്‍ വെള്ളത്തില്‍ ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിക്കേണ്ടി വന്നു. ഇവിടെ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മാഞ്ച്‌റ നദിക്കരകളില്‍ ജീവിക്കുന്ന 40 ഓളം പേരും ഇക്കൂട്ടത്തില്‍പ്പെടും.

Related Articles

Back to top button