IndiaLatest

കോവിഡ്‌ നഷ്‌ടപരിഹാരം; ‌ 7247 കോടി

“Manju”

ന്യൂഡല്‍ഹി: കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ ഉറ്റ ബന്ധുക്കള്‍ക്കു ധനസഹായം നല്‍കാന്‍ സംസ്‌ഥാന ദുരന്ത പ്രതികരണ ഫണ്ടി(എസ്‌.ഡി.ആര്‍.എഫ്‌)ലേക്ക്‌ 7247.40 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. 23 സംസ്‌ഥാനങ്ങള്‍ക്കായാണ്‌ തുക അനുവദിച്ചത്‌. എസ്‌.ഡി.ആര്‍.എഫിലെ കേന്ദ്രവിഹിതത്തിന്റെ രണ്ടാം ഗഡുവായി തുക സംസ്‌ഥാനങ്ങളുടെ ദുരന്തപ്രതികരണ ഫണ്ടിലെത്തും. ഇതിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അംഗീകാരം നല്‍കി. അഞ്ചു സംസ്‌ഥാനങ്ങള്‍ക്ക്‌ എസ്‌.ഡി.ആര്‍.എഫ്‌. ഫണ്ടിന്റെ രണ്ടാം ഗഡുവായ 1599 കോടി രൂപ ഇതിനോടകം നല്‍കിയിട്ടുണ്ട്‌.
ജൂണ്‍ 30 ലെ സുപ്രീം കോടതി ഉത്തരവ്‌ അനുസരിച്ച്‌ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോവിഡ്‌ മരണങ്ങള്‍ക്കു നഷ്‌ടപരിഹാരം വിതരണം ചെയ്യാന്‍ എസ്‌.ഡി.ആര്‍.എഫിന്‌ ഈ തുക പര്യാപ്‌തമാകും.
സംസ്‌ഥാനങ്ങളുടെ പക്കല്‍ 2021-22 വര്‍ഷത്തേക്കായി 23,186.40 കോടി രൂപ എസ്‌.ഡി.ഡി.ആര്‍.എഫില്‍ ഉണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സംസ്‌ഥാനവിഹിതം ഉള്‍പ്പെടെയാണ്‌ ഈ തുക. എസ്‌.ഡി.ആര്‍.എഫില്‍ ഉണ്ടായിരുന്ന ഓപ്പണിങ്‌ ബാലന്‍സിനു പുറമേയാണിത്‌.
2020 ജനുവരിയില്‍ കോവിഡ്‌ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ രാജ്യത്ത്‌ 4.48 ലക്ഷം പേര്‍ ഇതുമൂലം മരിച്ചതായാണ്‌ ഔദ്യോഗിക കണക്ക്‌. കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ അരലക്ഷം രൂപവീതം ധനസഹായം നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്‌. രേഖകള്‍ സഹിതം സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കാനും ആധാര്‍ ബന്ധിത അക്കൗണ്ടുകളിലൂടെ പണം നേരിട്ടു കൈമാറാനുമാണ്‌ഉദ്ദേശിക്കുന്നത്‌. നിശ്‌ചിത ഫോമില്‍, മതിയായ രേഖകള്‍ സഹിതം ബന്ധുക്കള്‍ക്കു ധനസഹായത്തിന്‌ അപേക്ഷിക്കാം. മരണകാരണം വ്യക്‌തമാക്കുന്ന സര്‍ട്ടിഫിക്കറ്റും രേഖകളില്‍ ഉള്‍പ്പെടും.

Related Articles

Back to top button