LatestvideoVideos

ഓടാൻ കാലുകളെന്തിന്? സയോൺ ക്ലാർക്ക്

“Manju”

ഇരുപത്തിമൂന്നുകാരനായ സയോൺ ക്ലാർക്ക്.. അമേരിക്കയിലെ ഒഹയോയിൽ നിന്നുള്ള കായികതാരവും മോട്ടിവേഷണൽ സ്പീക്കറും.. ഇന്ന് ലോകം ചർച്ച ചെയ്യുന്നത് ക്ലാർക്കിനെക്കുറിച്ചാണ്. ക്ലാർക്കിന്റെ പോരാട്ടവീര്യത്തെ കുറിച്ചാണ്.. അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യത്തെക്കുറിച്ചാണ്.. അറിയാം.. ലോക ഗിന്നസ് റെക്കോർഡ് ജേതാവായ സയോൺ ക്ലാർക്കിന്റെ ആരെയും പ്രചോദിപ്പിക്കുന്ന വിജയഗാഥ.

കൈകളുപയോഗിച്ച് 20 മീറ്റർ ദൂരം വെറും 4.76 സെക്കൻഡിൽ മറികടന്നാണ് ക്ലാർക്ക് ഗിന്നസിൽ ഇടംപിടിച്ചത്. ശരീരത്തിന്റെ കീഴ്‌പോട്ടുള്ള ഭാഗം അസാധാരണ രീതിയിൽ വികസിക്കുന്ന കോഡൽ റിഗ്രസീവ് സിൻഡ്രോം എന്ന രോഗം ബാധിച്ച ക്ലാർക്കിന് ജന്മനാ കാലുകളില്ല.. എന്നാൽ സ്‌കൂൾ കാലഘട്ടം മുതൽക്കെ ഗുസ്തി ഉൾപ്പെടെ നിരവധി കായിക ഇനങ്ങളിൽ അതീവ തൽപരനായിരുന്നു ക്ലാർക്ക്. കൈകളാൽ ഏറ്റവും വേഗം ഓടിയെത്തുകയെന്നത് ക്ലാർക്കിന്റെ സ്വപ്‌നമായിരുന്നു. നിരന്തരമായ തോൽവികൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ ക്ലാർക്ക് അത് നേടുകയും ചെയ്തു.

ഫിനിഷിങ് പോയിന്റ് കടന്നുവെന്ന് മനസിലാക്കുന്നതിന് മുമ്പ് തന്നെ എന്റെ ശരീരവും മനസും ആഹ്ലാദപൂരിതമായെന്ന് ക്ലാർക്ക് പറയുന്നു. താനും പ്രണയിനിയും ഉൾപ്പെടെ എല്ലാവരും ആകാംഷാഭരിതരായിരുന്നു. അനിർവചനീയമായ നിമിഷമായിരുന്നുവതെന്നും ക്ലാർക്ക് പറഞ്ഞു. ഒഴിവുകഴിവുകൾ ഇല്ലെന്ന് ആവർത്തിച്ച് മന്ത്രിക്കുന്നതോടൊപ്പം തന്റെ പരിധികൾക്കപ്പുറത്ത് നിന്ന് നിരന്തരമായി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിച്ചേരുകയായിരുന്നു ക്ലാർക്ക്.

ഒളിമ്പിക്‌സ് സ്വർണ ജേതാവും ഗിന്നസ് റെക്കോർഡ് നേട്ടക്കാരനുമായ ബച്ച് റെയ്‌നോൾഡ്‌സ് ആണ് ക്ലാർക്കിന്റെ പരിശീലകൻ. നീണ്ട കാലത്തെ സ്വപ്‌ന സാക്ഷാത്കാരത്തിനായി ക്ലാർക്കിനെ പാകപ്പെടുത്തിയതും ധൈര്യം നൽകിയതുമെല്ലാം ഒത്തിരി പിന്തുണയുമായി കൂടെ നിന്ന പരിശീലകനായിരുന്നു.. വൈകല്യങ്ങളുള്ളവരോട് പ്രത്യേകിച്ച് അത്തരത്തിലുള്ള കുഞ്ഞുങ്ങളോട് ക്ലാർക്കിന് പറയാനുള്ളത് ഇതാണ്.. ”പ്രയാസമായിരിക്കും.. എങ്കിലും ഹൃദയത്തിൽ നിശ്ചയദാർഢ്യമുണ്ടെങ്കിൽ ആഗ്രഹങ്ങൾ നേടിയെടുക്കാം.. നിങ്ങൾക്ക് വൈകല്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ സന്ദേശം ഇതുതന്നെ.”

ക്ലാർക്ക് ഗർഭസ്ഥ ശിശുവായിരിക്കെ അമ്മ ശരിയായി ആരോഗ്യശുശ്രൂക്ഷ നടത്താതിരുന്നതാണ് വൈകല്യത്തിന് കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. ഗർഭിണിയായിരിക്കെ മയക്കുമരുന്നുകൾ അമിതമായി ഉപയോഗിച്ചതും ക്ലാർക്കിനെ ദോഷമായി ബാധിച്ചു. കോഡൽ റിഗ്രസീവ് സിൻഡ്രോം ബാധിതനാകാൻ കാരണവും അതുതന്നെ.. രണ്ട് ശസ്ത്രക്രിയകൾക്ക് ശേഷമാണ് നേരെ നട്ടല്ലുനിവർത്തി നിൽക്കാൻ പോലും ക്ലാർക്കിന് സാധ്യമായത്.

16 വയസ് വരെ അനാഥലായത്തിലായിരുന്നു ക്ലാർക്ക് വളർന്നത്. ഇക്കാലയളവിൽ നിരവധി മാനസിക പീഡനങ്ങൾക്കും ക്ലാർക്ക് വിധേയനായി. ഒടുവിൽ സ്‌നേഹനിധിയായ ഒരമ്മ ക്ലാർക്കിനെ തേടിയെത്തുകയും ദത്തെടുത്ത് പരിചരിക്കുകയും ചെയ്തു.. തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ല കാര്യം കിംബേർലി ഹോക്കിൻസ് എന്ന സ്ത്രീ തന്നെ മകനായി സ്വീകരിച്ചതാണെന്ന് ക്ലാർക്ക് പറയുന്നു.

സ്‌കൂളിലും നാട്ടിലും ചുറ്റുപാടിലുമായി നിരന്തരമായി തന്നെ അവഹേളിച്ചവരോട് ക്ലാർക്കിന് ഇന്ന് ഒന്നേ പറയാനുള്ളൂ. അത് നന്ദിയാണ്. അകമഴിഞ്ഞ നന്ദി.. തന്നെ ഇത്രയും ശക്തനാക്കിയതിന് ഹൃദയത്തിൽ നിന്നും നന്ദി. 2024ൽ നടക്കാനിരിക്കുന്ന ഒളിമ്പിക്-പാലാമ്പിക്‌സുകളിൽ ഗുസ്തിയിലും വീൽചെയർ റേസിങ്ങിലും മത്സരിക്കുകയാണ് ഇനി ക്ലാർക്കിന്റെ സ്വപ്‌നം.

Related Articles

Back to top button