KeralaLatestThiruvananthapuram

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ആരോപണങ്ങളിലും ആക്ഷേപങ്ങളിലും കുടുങ്ങുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാര്‍ യൂണിഫോം ധരിച്ച്‌ പങ്കെടുക്കുന്ന പരിപാടിയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന സേന എന്ന നിലയില്‍ അതീവ ജാഗ്രത പാലിക്കണം. മുകളില്‍ എല്ലാം അറിയുന്നുണ്ടെന്ന ധാരണവേണം. പൊലീസുകാര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ലോക്ഡൗണ്‍ പരിശോധനകളിലുയര്‍ന്ന ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരാതികളില്‍ രസീത് നല്‍കണം. ആറ്റിങ്ങലില്‍ മത്സ്യവില്‍പന നടത്തിയ സ്‌ത്രീയ്‌ക്കുണ്ടായ അനുഭവവും കൊല്ലത്ത് പൊലീസുകാരന്‍ യുവതിയുമായി വാക്കേറ്റം നടത്തിയതുമായ ദൃശ്യങ്ങള്‍ പ്രചരിച്ചതും ചൂണ്ടിക്കാട്ടി പൊതുജനങ്ങളോടുള‌ള പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥര്‍ മെച്ചപ്പെടുത്തണമെന്നും മുഖ്യമന്ത്രി നി‌ര്‍ദ്ദേശിച്ചു.

സ്‌ത്രീധന പീഡന കേസുകളില്‍ ഇരയെ പൂര്‍ണമായും പിന്തുണയ്‌ക്കുന്ന നിലപാടാകണം പൊലീസിന്റേത്. ഒരുവിധ കാലതാമസവും അന്വേഷണത്തില്‍ പാടില്ല. കേസുകള്‍ ഡിഐജിമാര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്‌എച്ച്‌ഒ മുതല്‍ ഡിജിപിവരെയുള‌ളവര്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. മോന്‍സണ്‍ കേസില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം സംശയമുനയില്‍ വന്നതും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോന്‍സണ് പൊലീസ് കാവല്‍ നല്‍കിയതും ചര്‍ച്ചാവിഷയമായ സമയത്താണ് പൊലീസ് ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

Related Articles

Back to top button