Business

 ഇ കോമേഴ്‌സ് : പരസ്യത്തിന് ചെലഴിച്ചത് 250 കോടിയിലേറെ രൂപ

“Manju”

മുംബൈ: ഉത്സവ സീസണിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഇ കോമേഴ്‌സ് കമ്പനികൾ പരസ്യത്തിനായി ചെലവഴിച്ചത് 250 കോടിയോളം രൂപ. ടെലിവിഷൻ,അച്ചടി മാധ്യമങ്ങൾ എന്നിവയ്‌ക്ക് പുറമെ സമൂഹമാധ്യമങ്ങളും മറ്റ് ഡിജിറ്റൽ മാർഗങ്ങളും പരസ്യത്തിനായി ഉപയോഗിക്കുന്നു.

ഉത്സവ സീസണിലെ പരസ്യത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 20 മുതൽ 25 ശതമാനം വരെ വളർച്ചയുണ്ടായതായി പ്രശസ്ത മാധ്യമ ഏജൻസിയായ മാഡിസൺ മീഡിയ ഒമേഗ ചീഫ് ദിനേശ് റാവത്ത് പറഞ്ഞു. ഉപഭോക്താക്കളെ ആകർഷിച്ച് പരമാവധി ഉത്പന്നങ്ങൾ വിറ്റഴിക്കാനുളള ശ്രത്തിലാണ് കമ്പനികൾ.

ഓൺലൈൻ വ്യാപാര മേഖലയിലെ പ്രമുഖരായ ആസസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നാണ് തങ്ങളുടെ ഉത്സവ സീസൺ വ്യാപാരത്തിന് പേരിട്ടിരിക്കുന്നത്. ഒക്ടോബർ മൂന്ന് മുതലാണ് ആസസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുക. സന്തോഷത്തിന്റെ ബോക്‌സ് ഓരോ വീട്ടിലേക്കും എന്ന തലവാചകമാണ് പരസ്യത്തിന് നൽകിയിരിക്കുന്നത്.

പരസ്യങ്ങൾ ടെലിവിഷൻ, ഐപിഎൽ മത്സരങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്നീ മാർഗങ്ങളിലൂടെ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാൻ ആമസോണിന് കഴിഞ്ഞിട്ടുണ്ട്. പരസ്യ ക്യാമ്പയിന് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.

ഇ കോമേഴ്‌സ് രംഗത്തെ മറ്റൊരു പ്രമുഖ കമ്പനിയായ സ്‌നാപ്ഡീലും ഉത്സവ സീസൺ കെങ്കേമം ആക്കാനുളള തയ്യാറെടുപ്പിലാണ്. തൂഫാനി സെയിൽ എന്നാണ് സ്‌നാപ്ഡീലിന്റെ പരസ്യ വാചകം. ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുളള ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാദേശിക സെലിബ്രിറ്റികളായ ആരോഹി പട്ടേൽ,ശുഭശ്രീ ഗാംഗുലി എന്നിവരെ പരസ്യ പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്.

സമൂഹമാദ്ധ്യമങ്ങളായ ട്വീറ്റർ,യൂട്യൂബ്,ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക് എന്നിവ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പരസ്യങ്ങൾ. പ്രചാരമേറിയ ഒടിടി പ്ലാറ്റ്‌ഫോമും ശ്രവ്യമാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട്. വരും നാളുകളിൽ ഹിന്ദിമേഖല കേന്ദ്രീകരിച്ചുളള പരസ്യങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഫാഷൻ ഉത്സവം എന്ന പേരിലാണ് പ്രമുഖ കമ്പനിയായ മിന്ത്ര വ്യാപാരത്തിന് തയ്യാറെടുക്കുന്നത്. ഫാഷൻ ലോകത്തെ വിദഗ്ധരെയും നൂറിലധികം വരുന്ന സെലിബ്രിറ്റികളെയുമാണ് വ്യാപാരയുദ്ധത്തിന് മിന്ത്ര അണിനിരത്തുന്നത്. ഋത്വിക് റോഷൻ,വിജയ് ദേവ്രകൊണ്ട, ദുൽഖർ സൽമാൻ, സിലമ്പരശൻ, കിയാരാ അദ്ധ്വാനി, സമാന്ത അക്കിനേനി, ദിഷ പഠാനി, വാണി കപൂർ,യാമി ഗൗതം, മല്ലിക ദുവ തുടങ്ങിയ വലിയ താരനിരയെ തന്നെയാണ് അണിനിരത്തുന്നത്.

മുൻനിര ചാനലുകൾക്ക് പുറമെ ഒടിടി, ഡിജിറ്റൽ,സമൂഹമാദ്ധ്യമങ്ങൾ എന്നീ മാർഗങ്ങൾ പരസ്യത്തിനായി മിന്ത്ര ആശ്രയിക്കുന്നു. ഡിജിറിറൽ പേമെന്റ് ആപ്പായ പേടിയെം മാളും വ്യാപാരയുദ്ധത്തിൽ സജീവമായുണ്ട്. മഹാ ഷോപ്പിങ് ഫെസ്റ്റിവൽ(എംഎസ്എഫ്) എന്നാണ് ഇവരുടെ പരസ്യവാചകം. ഒക്ടാബർ 6 മുതൽ 15 വരെ നീണ്ട് നിൽക്കുന്ന വ്യാപാര ഉത്സവത്തിൽ പരമാവധി ഉപഭോക്താക്കളെ ആകർഷിച്ച് കച്ചവടം കൊഴുപ്പിക്കാൻ തന്നെയാണ് പേടിയെമിന്റെയും ലക്ഷ്യം.

Related Articles

Back to top button