Article

നാർക്കോട്ടിക് നിയമങ്ങൾ; അറിയേണ്ടത് എന്തെല്ലാം?

“Manju”

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ അടക്കമുള്ളവർ ലഹരി ഇടപാടിൽ കയ്യോടെ പിടിക്കപ്പെട്ടതോടെ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ് നാർക്കോട്ടിക് എന്ന പദം. തെളിയിക്കപ്പെട്ടാൽ വധശിക്ഷവരെ ലഭിക്കാവുന്നതാണ് നാർക്കോട്ടിക് കേസുകളിലെ വകുപ്പുകൾ. പരസ്യമായ ശിരച്ഛേദമടക്കമുള്ള കഠിന ശിക്ഷകളും പലരാജ്യങ്ങളിലും നൽകി വരുന്നു.

രാജ്യത്ത് ഓരോ 70 മിനുറ്റിനുള്ളിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരു കേസെങ്കിലും രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് ഏവരെയും ഞെട്ടിക്കുന്ന വിവരം. എന്നാൽ ലഹരി മരുന്ന് കേസുകളിൽ കുറ്റം തെളിയിക്കപ്പെട്ടൽ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ച് പലർക്കും അറിവില്ല. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അറസ്റ്റുചെയ്യുന്ന നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് അഥവാ എൻ.ഡി.പി.എസ് ആക്ട് എന്താണെന്ന് പരിശോധിക്കാം.

മയക്കു മരുന്നുകൾ കൈവശം വെക്കൽ, ഉപയോഗം, വിൽപ്പന തുടങ്ങിയവയാണ് എൻ.ഡി.പി.എസ് ആക്ടിൽ പ്രധാനമായും പറയുന്ന കാര്യങ്ങൾ. 1985ൽ ആണ് രാജ്യത്ത് എൻ.ഡി.പി.എസ് ആക്ട് നിലവിൽ വന്നത്. മയക്കുമരുന്ന് നിർമ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവർക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവിൽ വാങ്ങുക തുടങ്ങിയവ തടയുകയാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.

മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾക്ക് പരിരക്ഷ നൽകുവാനും ആക്ടിലെ സെക്ഷൻ 64 എ യിൽ പറയുന്നു. എന്നാൽ കോടതിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. ് കേസിൽപ്പെട്ടയാൾ മയക്കുമരുന്നിന് അടിമയാണെങ്കിൽ ലഹരിവിമുക്ത ചികിത്സയ്‌ക്ക് തയ്യാറാണെന്ന് സ്വയം സമ്മതിച്ചാൽ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. ചെറിയ അളവിൽ മാത്രമേ ലഹരി കൈവശം ഉണ്ടായിരുന്നുള്ളു എങ്കിൽ മാത്രമേ പരിരക്ഷയ്‌ക്ക് അർഹതയുള്ളു.

കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് കേസിൽ ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളിൽ പരമാവധി നൽകുന്ന ശിക്ഷ. മയക്കുമരുന്ന് വൻതോതിൽ വിപണനത്തിന് ഉപയോഗിക്കുന്നവർക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാകുക. നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഉപയോഗിക്കുക മാത്രം ചെയ്തവർക്ക് ജാമ്യം നൽകുവാനും ആക്ട് അനുസരിച്ച് സാധ്യതയുണ്ട്.

ഉപയോഗിച്ചയാൾ ഇതിന്റെ വ്യാപാരവുമായി ഇടപെടാത്ത ആളാണെങ്കിലാണ് ജാമ്യം ലഭിക്കുക. എന്നാൽ ഇതിനും കോടതിയിൽ ബോണ്ട് ഉൾപ്പെടെ സമർപ്പിക്കേണ്ടതുണ്ട്. 2015ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയിൽ ഏതൊക്കെ ഉൾപ്പെടും എന്ന് എപ്പോൾ വേണമെങ്കിൽ ഭേദഗതി ചെയ്യപ്പെടാം.

ഇതിൽ നിന്നും ഒരുകാര്യം വ്യക്തമാണ്. നിയമത്തിന്റെ പോരായ്മയല്ല ലഹരി മരുന്ന് കേസുകൾ വർദ്ധിക്കുന്നതിന് കാരണം. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുന്നനിന് ആവശ്യമായ പരിശ്രമം ഇല്ലാത്തതും വിചാരണകൾ അനന്തമായി നീട്ടികൊണ്ടുപോകുന്നതും തന്നെയാണ് പ്രധാന കാരണം.

Related Articles

Back to top button