KeralaLatest

അക്കിത്തം ആധുനിക മൂല്യങ്ങള്‍ സമന്വയിപ്പിച്ച കവി

“Manju”

കുമരനെല്ലൂര്‍: ഭാരതത്തിലെ പ്രാക്തന മൂല്യങ്ങളും ആധുനിക മൂല്യങ്ങളും സമന്വയിപ്പിച്ചുള്ള രചനാശൈലിയിലൂടെ സാഹിത്യലോകത്ത് ഇടംനേടിയ കവിയായിരുന്നു മഹാകവി അക്കിത്തമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ നിള വിചാരവേദി എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ നടത്തിയ അക്കിത്തം സ്‌മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധ്യാത്മികതയുടെയും കരുണയുടെയും തണല്‍ നല്‍കിയ നിളയോരസംസ്‌കാരം നാടിനാകെ പ്രചോദനമാകുംവിധം ഉത്തേജിപ്പിച്ചത് അക്കിത്തത്തെപ്പോലുള്ള മഹാപ്രതിഭകളാണെന്ന്‌ ഗവര്‍ണര്‍ പറഞ്ഞു. വള്ളത്തോള്‍ ട്രസ്റ്റ് സെക്രട്ടറി ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനായി. പ്രഞ്ജാപ്രവാഹ് ഓര്‍ഗനൈസിങ് സെക്രട്ടറി ജെ. നന്ദകുമാര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. വി.കെ. ഹരിഹരന്‍ ഉണ്ണിത്താന്‍, ഡോ. ആര്‍സു എന്നിവര്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ അക്കിത്തം കൃതികള്‍ ചടങ്ങില്‍വെച്ച്‌ ഗവര്‍ണര്‍ പ്രകാശനംചെയ്തു. ഇവരെയും പ്രസാധകനായ അശോക് മഹേശ്വരിയെയും ആദരിച്ചു.

വരദ നായര്‍ ആലപിച്ച അക്കിത്തത്തിന്റെ സത്യപൂജ എന്ന കവിതയോടെയാരംഭിച്ച ചടങ്ങില്‍ ജില്ലാകളക്‌ടര്‍ വി.ആര്‍. പ്രേംകുമാര്‍, മഹാകവിയുടെ മകള്‍ ഇന്ദിര അക്കിത്തം, തപസ്യ ഓര്‍ഗനൈസിങ് സെക്രട്ടറി അനൂപ് കുന്നത്ത്, കവി അഡ്വ. നരേന്ദ്രമേനോന്‍, അഡ്വ. പ്രഭാശങ്കര്‍, അശോക് മഹേശ്വരി, വി. മുരളി, വിപിന്‍ കുടിയേടത്ത്, കെ.ടി. കൃഷ്‌ണകുമാര്‍, കെ.ജി. പ്രഭാകരന്‍, മായ അഷ്‌ടമൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.

കേരളീയര്‍ കാരുണ്യമുള്ളവര്‍; നിക്ഷിപ്തതാത്‌പര്യത്തിനായി ബലികഴിക്കരുത്. ഏറെ കാരുണ്യമുള്ളവരാണ് കേരളീയര്‍. പ്രകൃതിയും ദൈവവും കനിഞ്ഞനുഗ്രഹിച്ച നാടുമാണ് കേരളം. ഇത്തരമൊരു നാട്ടില്‍ ഗവര്‍ണറായിരിക്കാന്‍ സാധിച്ചത് ഏറെ ഭാഗ്യമായി കാണുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഇത്തരം അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും അത് വേണ്ടവിധത്തിലുപയോഗിക്കാത്ത അവസ്ഥയാണിപ്പോള്‍.ഇവിടത്തെ മനുഷ്യരുടെ കാരുണ്യത്തെ ഗുണകരമായി വിനിയോഗിക്കാതെ നിക്ഷിപ്തതാത്‌പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന ദുഃഖകരമായ സാഹചര്യമാണിപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button