India

 പാമ്പൻ പാലത്തിൽ വിസ്മയമായി വെർട്ടിക്കൽ ലിഫ്റ്റിംഗ് ടെക്‌നോളജി 

“Manju”

ന്യൂഡൽഹി : കപ്പലുകൾ കടന്നുപോകുമ്പോൾ പാലം വഴിമാറി നേരെ ആകാശത്തേക്ക് ഉയർന്നു പൊങ്ങും. കപ്പലുകളും ബോട്ടുകളും സുഗമമായി പോയതിന് ശേഷം പെട്ടെന്ന് തന്നെ താഴ്ന്ന് പാലത്തിന്റെ രൂപത്തിലാകും. രാമശ്വരത്തെ പാമ്പൻ പാലം നിർമ്മിക്കുന്നത് ഈ രീതിയിലാണെന്നത് രാജ്യത്തെ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ്. വെർട്ടിക്കൽ ലിഫ്റ്റിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം നടക്കുന്നത്. ഇന്ത്യൻ റെയിൽവേയും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവും നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ മനോഹര ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു പാലം ഒരുങ്ങുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. പാലത്തിന്റെ മദ്ധ്യഭാഗം പൂർണമായും ഉയർത്തിക്കൊണ്ടാണ് കപ്പലുകൾക്ക് പോകാനുള്ള വഴിയൊരുക്കുന്നത്.അടുത്ത വർഷം മാർച്ചോടെ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

104 വർഷം പഴക്കമുളള‌പാലത്തിന് പകരമായിട്ടാണ് രാമേശ്വരത്തെ തമിഴ്‌നാടുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ പാമ്പൻ പാലം നിർമ്മിക്കുന്നത്. 2.05 കിലോമീറ്ററിൽ ഇരട്ടപ്പാതയായിട്ടാണ് 250 കോടി രൂപ ചെലവിട്ട് പുതിയ പാലം നിർമിക്കുന്നത്. 101 പില്ലറുകളും പാലത്തിനുണ്ട്. നിലവിലുളള പാലത്തിനേക്കാൾ മൂന്ന് മീറ്റർ അധികം ഉയർത്തിക്കൊണ്ട് ബോട്ട് ഗതാഗതം സുഗമമാക്കുന്ന രീതിയിലാണ് നിർമ്മാണം.

കപ്പലുകൾക്ക് കടന്നുപോകാനായി പാലത്തിന്റെ മദ്ധ്യത്തിൽ 63 മീറ്റർ ഭാഗം ഉയർത്താൻ സാധിക്കും. നിലവിലെ പാലം ഷീർസെർ റോളിംഗ് ലിഫ്റ്റ് ടെക്കനോളജിയാണ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. തിരശ്ചീനമായി പാലം മാറി കപ്പലുകൾ കടന്നുപോകുന്ന സാങ്കേതിക വിദ്യയാണിത്. എന്നാൽ പുതിയ പാലം ലംബമായി കുത്തനെ മുകളിലേക്കാകും പൊങ്ങുക. പാലത്തിന്റെ ഇരുവശങ്ങളിലേയും സെൻസറുകൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുക.

2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന് തറക്കല്ലിട്ടത്. തുരുമ്പ് പിടിക്കാത്ത സ്റ്റീൽ റീ ഇൻഫോഴ്‌സ്‌മെന്റ്, കോമ്പോസിറ്റ് സ്ലീപ്പേഴ്‌സ്, കട്ടിങ് എഡ്ജ് സാങ്കേതികത, ദീർഘകാലം നിലനിൽക്കുന്ന പെയിന്റിങ് എന്നിവയും പാലത്തിന്റെ പ്രത്യേകതയാണ്. 1914 ൽ പ്രവർത്തനമാരംഭിച്ച പാമ്പൻ പാലം രാജ്യത്തെ ഏറ്റവും നീളമുളള കടൽപാലമായിരുന്നു. എന്നാൽ 2010 ൽ ബാന്ദ്ര-വർളി പാലം പ്രവർത്തനമാരംഭിച്ചതോടെ പാമ്പൻ പാലത്തിന് ആ റെക്കോർഡ് നഷ്ടമായി.

Related Articles

Back to top button