KeralaLatestTravelWayanad

വയനാടിന്റെ ചരിത്ര പൈതൃകം തൊട്ടറിഞ്ഞ് ഗവര്‍ണര്‍

“Manju”

അമ്പലവയല്‍: വയനാടിന്റെ ചരിത്ര പൈതൃകവും കാര്‍ഷിക സംസ്‌കൃതിയും തൊട്ടറിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അമ്പലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം സന്ദര്‍ശിച്ചു. ജില്ലയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടയാണ് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയത്തിലെത്തിയത്.
മ്യൂസിയത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ ഗവര്‍ണറെ വരവേറ്റു. ജില്ലയുടെ സമഗ്രവും പൂര്‍ണവുമായ ചരിത്രത്തെ ഉള്‍ക്കൊള്ളുന്ന മ്യൂസിയത്തില്‍ എല്ലാം കണ്ടും കേട്ടുമറിഞ്ഞായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം.
ഗോത്ര സംസ്‌കൃതിയുടെയും കാര്‍ഷിക മുന്നേറ്റത്തിന്റെയും പടയോട്ടങ്ങളുടെയും വേരോട്ടമുള്ള മണ്ണില്‍ ഹെറിറ്റേജ് മ്യൂസിയം ഒരുക്കുന്നത് ഇന്നലകെളിലേക്കുള്ള യാത്രയാണ്. ലളിതവും സുന്ദരവുമായ രീതിയില്‍ ഇവിടെ എല്ലാം സജ്ജീകരിച്ചിരിക്കുന്നു. പേനയും പുസ്തകവുമായി വേണം ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍. ഇന്ത്യന്‍ ചരിത്രത്തെയും സംസ്‌കൃതിയുടെയും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രീയപ്പെട്ട ഇടമാണിത്. ഹെറിട്ടേജ് മ്യൂസിയത്തിന്റെ സന്ദര്‍ശക പുസ്തകത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇങ്ങനെ എഴുതിചേര്‍ത്തു.മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പഴശി പോരാട്ടങ്ങളുടെ കഥ പറയുന്ന വീരക്കല്ല്, ഗോത്ര ജനതയുടെ പരമ്പരാഗത ആയുധങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഓരോന്നിനെക്കുറിച്ചും ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു.
അമ്പലവയല്‍ പൈതൃക മ്യൂസിയത്തിന്റെ ചരിത്രത്തില്‍ ഇവിടം സന്ദര്‍ശിച്ചിട്ടുള്ള അതിഥികളില്‍ പ്രമുഖനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടംപിടിച്ചു. ഇതാദ്യമായാണ് ഒരു ഗവര്‍ണര്‍ ഈ മ്യൂസിയം സന്ദര്‍ശിക്കുന്നത്.

Related Articles

Back to top button