IndiaLatest

പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: നരേന്ദ്ര മോദി

“Manju”

ന്യൂഡല്‍ഹി : രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ പൊതുജീവിതത്തിലെ യാത്ര ആരംഭിക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. 2001-ലാണ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. അതിന് ശേഷം ജനങ്ങളുടെ പിന്തുണയോടെ പ്രധാനമന്ത്രിയായിരിക്കുകയാണ്. പക്ഷേ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നത് തന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു. ഇതിന് താന്‍ ജനങ്ങളോട് നന്ദി പറയുകയാണ്’- പ്രധാനമന്ത്രി പറഞ്ഞു.

എയിംസില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഋഷികേശില്‍ എത്തിയത്. പിഎം-കെയേഴ്‌സ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. തന്റെ 21-ാം വയസ്സിലാണ് ആദ്യമായി ഋഷികേശില്‍ എത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പിഎസ്‌എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിനെ രാജ്യം മികച്ച രീതിയില്‍ പ്രതിരോധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. വളരെ കുറഞ്ഞ സമയത്തില്‍ രാജ്യത്തിന്റെ കഴിവ് അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാനായി കഴിഞ്ഞു എന്നും പ്രധാനമന്ത്രി പറഞ്ഞു. മാസ്‌കുകളും കിറ്റുകളും ഇറക്കുമതി ചെയ്യുന്ന അവസ്ഥയില്‍ നിന്നും അവ സ്വയം ഉണ്ടാക്കുന്ന സ്ഥിതിയിലേക്ക് രാജ്യത്ത് എത്തി. ഇറക്കുമതി ചെയ്യേണ്ട സാഹചര്യത്തില്‍ നിന്ന് മാറി, മറ്റ് രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ രാജ്യം പര്യാപ്തമായി എന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button