India

ആറ് ദശകങ്ങൾക്ക് ശേഷം മഹാരാജ ; ചരിത്ര നിമിഷം പങ്കുവെച്ച് രത്തൻ ടാറ്റ

“Manju”

ന്യൂഡൽഹി : ആറ് ദശകങ്ങൾക്ക് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക് എത്തുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടാറ്റ സൺസ് വീണ്ടും എയർ ഇന്ത്യ സ്വന്തമാക്കിയത്. അവസാന നിമിഷം വരെ സ്‌പൈസ് ജെറ്റും ടാറ്റയും തമ്മിൽ പോരാട്ടം തുടർന്നെങ്കിലും ഉയർന്ന തുകയായ 18,000 കോടി ടാറ്റയാണ് സമർപ്പിച്ചത്.

കഷ്ടപ്പെട്ട് വളർത്തിയെടുത്ത സാമ്രാജ്യം 1953 ൽ സ്വന്തം കൈകളിൽ നിന്ന് നഷ്ടപ്പെട്ടപ്പോൾ ടാറ്റ സ്ഥാപകനായ ജെആർഡി ടാറ്റയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം പൂർണ മനസോടെ അത് സർക്കാരിന് നൽകി. അന്ന് നഷ്ടപ്പെട്ട കമ്പനിയാണ് ടാറ്റയുടെ കൈകളിലേക്ക് വീണ്ടും വന്നുചേർന്നത്.

2020 ഡിസംബറിലാണ് നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചത്. വെള്ളാനയായി മാറിയ എയർ ഇന്ത്യയുടെ കടബാദ്ധ്യത കേന്ദ്ര സർക്കാരിന് നിയന്ത്രിക്കാൻ സാധിക്കാതെയാവുകയായിരുന്നു. ടാറ്റ സൺസ് ഉൾപ്പെടെ നാല് കമ്പനികളാണ് ഇത് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. എന്നാൽ അവസാന റൗണ്ട് വരെയെത്തിയത് ടാറ്റ സൺസും സ്‌പൈസ് ജെറ്റും മാത്രമായിരുന്നു. തുടർന്ന് 18,000 കോടി നൽകിക്കൊണ്ട് ജെആർഡി ടാറ്റയുടെ പിൻഗാമികൾ കൈവിട്ടുപോയ പൂർവ്വിക സ്വത്ത് സ്വന്തമാക്കുകയായിരുന്നു.

1932 ൽ ടാറ്റ ഗ്രൂപ്പാണ് എയർ ഇന്ത്യ കമ്പനി സ്ഥാപിച്ചത്. ടാറ്റ എയർലൈൻ എന്നായിരുന്നു കമ്പനിയുടെ അദ്യ പേര്. ടാറ്റ ഗ്രൂപ്പ് സ്ഥാപകനും രാജ്യത്തെ ആദ്യത്തെ ലൈസൻസ് ലഭിച്ച പൈലറ്റുമായ ജഹാങ്കീർ രത്തൻജി ദാദാബായ് ടാറ്റയാണ് ഈ സംരംഭം ആരംഭിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് മുംബൈയിൽ നിന്ന് കറാച്ചിയിലേക്ക് മെയിൽ എത്തിക്കാൻ വേണ്ടിയാണ് ഈ സംവിധാനം ആദ്യകാലങ്ങളിൽ ഉപയോഗിച്ചത്. തുടർന്ന് 1940 ഓടെ വാണിജ്യ സർവ്വീസുകൾ ആരംഭിച്ചു.

1946 ൽ ടാറ്റ എയർലൈൻ എന്ന പേര് മാറ്റി എയർ ഇന്ത്യ എന്നാക്കി. തുടർന്ന് 1948 ഓടെ യൂറോപ്പിലേക്ക് ആദ്യ വിദേശ യാത്ര ആരംഭിച്ചു. 1953 ലാണ് എയർ ഇന്ത്യ കേന്ദ്ര സർക്കാരിന് കീഴിൽ കൊണ്ടുവന്നത്.

അതേസമയം എയർ ഇന്ത്യയുടെ പഴയ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് രതൻ ടാറ്റ പങ്കുവെച്ച ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ജെആർഡി ടാറ്റയും പണ്ടത്തെ ക്രൂവും ഇറങ്ങി വരുന്ന ദൃശ്യമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Related Articles

Back to top button