InternationalLatest

ടി-20 ലോകകപ്പില്‍ ഡി ആര്‍ എസ് ഏര്‍പ്പെടുത്തും; ഐ സി സി

“Manju”

ടി-20 ലോകകപ്പില്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡിആര്‍എസ്) ഏര്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചു. ഇതോടെ ഡിആര്‍എസ് ഉള്‍പ്പെടുത്തുന്ന ആദ്യ പുരുഷ ടി-20 ലോകകപ്പ് ആയി ഈ ടൂര്‍ണ്ണമെന്റ് മാറും. ഓരോ ടീമിനും രണ്ട് റിവ്യൂ വീതം ഓരോ ഇന്നിംഗ്സിലും ഉണ്ടാവും. കൊവിഡ് സാഹചര്യം മൂലം പരിചയസമ്പത്ത് കുറഞ്ഞ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിക്കാന്‍ എത്തുമെന്നതിനാലാണ് ഡിആര്‍എസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 2018ലെ വനിതാ ടി-20 ലോകകപ്പില്‍ ഡിആര്‍എസ് ഉപയോഗിച്ചിരുന്നു.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17നാണ് ആരംഭിക്കുക. ഒക്ടോബര്‍ 23 മുതല്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും. യോഗ്യതാ മത്സരങ്ങളില്‍ ഒമാന്‍-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക.

സ്കോട്ട്ലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബര്‍ 22 വരെയാണ് യോഗ്യതാ മത്സരങ്ങള്‍. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സൂപ്പര്‍ 12ല്‍ കളിക്കും.

സൂപ്പര്‍ 12 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നില്‍ കളിക്കും. ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ ആരംഭിക്കുക. അഫ്ഗാനിസ്ഥാന്‍, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവര്‍ക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

Related Articles

Back to top button