Arts and Culture

ദിവസവും അപ്രത്യക്ഷമാകുന്ന സ്തംഭേശ്വർ മഹാദേവ ക്ഷേത്രം

“Manju”

കടലിൽ അപ്രത്യക്ഷമാകുന്ന ശിവക്ഷേത്രം.. ഒരിടവേള കഴിഞ്ഞാൽ വീണ്ടും പ്രത്യക്ഷമാകുന്ന അപൂർവ പ്രതിഭാസം.. ഭാരതത്തിലെ വിചിത്ര ക്ഷേത്രങ്ങളിലൊന്നായ സ്തംഭേശ്വരിന്റ പ്രത്യേകതയാണിത്. ഗുജറാത്തിലെ വഡോദരയിൽ കടലിൽ മുങ്ങുകയും പിന്നീട് പൊങ്ങുകയും ചെയ്യുന്ന ഈ ശിവക്ഷേത്രം കാണാനെത്തുന്നത് ലോകമെമ്പാടുമുള്ള തീർത്ഥാടകരാണ്.

വഡോദരയുടെ പ്രാന്തപ്രദേശമായ കവി കാംബായ് എന്ന സ്ഥലത്താണ് ഈ പുരാതന ശിവക്ഷേത്രമുള്ളത്. അറബിക്കടലിന്റെയും കാംബായ് ഉൾക്കടലിന്റെയും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് ഏകദേശം 150 വർഷം പഴക്കമുണ്ട്.

വാസ്തുവിദ്യയിൽ അസാധാരണമായി ഒന്നുമില്ലെങ്കിലും നൂറുക്കണക്കിനാളുകൾ പ്രതിദിനം ഇവിടെ സന്ദർശിക്കുന്നുണ്ട്. കടലിന്റെ വേലിയേറ്റം മൂലമുണ്ടാകുന്ന പ്രതിഭാസമാണ് ക്ഷേത്രത്തെ വെള്ളത്തിനടിയിലും മുകളിലുമാക്കുന്നത്. ഉയർന്ന വേലിയേറ്റ സമയത്ത് കടലിൽ മുങ്ങുകയും വേലിയേറ്റം കുറയുമ്പോൾ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.. ഇത്തരത്തിൽ വേലിയിറക്കമുണ്ടാകുന്ന സമയത്താണ് ക്ഷേത്ര പരിസരത്തേക്ക് തീർത്ഥാടകർക്ക് പ്രവേശനം. അതിരാവിലെ വേലിയേറ്റം കുറയുമ്പോൾ ക്ഷേത്രത്തിനകത്തേക്ക് കടക്കാൻ അനുമതി ലഭിക്കും.

സ്‌കന്ദപുരാണത്തിൽ സ്തംഭേശ്വർ ക്ഷേത്രത്തിന്റെ ഐതിഹ്യം സംബന്ധിച്ച് കഥകൾ പ്രതിപാദിക്കുന്നുണ്ട്. ഹൈന്ദവരുടെ 18 പുരാണങ്ങളിൽ ഏറ്റവും വലുതാണ് സ്‌കന്ദപുരാണം. ശിവന്റെയും പാർവതിയുടെയും മകനായ കാർത്തികേയന്റെ ലീലകളാണ് സ്‌കന്ദപുരാണത്തിൽ പറയുന്നത്. ശിവപുത്രനായ മുരുകൻ ദേവാസുര യുദ്ധത്തിൽ താരകനെ വധിച്ചു. പരമേശ്വര ഭക്തനായ താരകാസുരനെ വധിച്ചതിനാൽ മുരുകന് പിന്നീട് മനക്ലേശമുണ്ടായി. ഇതറിഞ്ഞ ദേവൻമാർ മുരുകനെ ആശ്വസിപ്പിച്ചു. മറ്റുള്ളവരുടെ നാശത്തിന് കാരണമാകുന്നവനെ നിഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും ശിവലിംഗം സ്ഥാപിച്ച് പൂജ ചെയ്താൽ മനസിന് ശാന്തത ലഭിക്കുമെന്നും മുരുകനോട് ദേവൻമാർ പറഞ്ഞു. ഇതനുസരിച്ച് ശിവപാർവതീ പുത്രനായ മുരുകൻ സ്ഥാപിച്ചതാണ് സ്തംഭേശ്വർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് വിശ്വാസം.

വഡോദര, ഭരുച്ച്, ഭാവ് നഗർ എന്നീ സ്ഥലങ്ങളുമായി റോഡ് മാർഗം ബന്ധപ്പെട്ട് കിടക്കുകയാണ് സ്തംഭേശ്വർ ക്ഷേത്രം. അതിനാൽ ഇവിടേക്ക് എത്തിച്ചേരാനുള്ള യാത്രയും അനായാസമാണ്. ക്ഷേത്രത്തിന്റെ ചുറ്റുപാടിലുള്ള ശാന്തമായ അന്തരീക്ഷം നിരവധി ഭക്തരെ ധ്യാനിക്കാൻ പ്രേരിപ്പിക്കാറുണ്ട്. അപ്രത്യക്ഷമായതിന് പിന്നാലെ പ്രത്യക്ഷമാകുന്ന ക്ഷേത്ര വിസ്മയം ദർശിക്കാൻ ലോകത്തെമ്പാടുമുള്ള തീർത്ഥാടകരാണ് വഡോദരയിലെത്തുന്നത്. അപൂർവ്വ പ്രതിഭാസം കാണാൻ തീർത്ഥാടകർ ഒരു ദിവസം മുഴുവൻ ഇവിടെ ചിലവഴിക്കുന്നു.

Related Articles

Back to top button