KeralaKollamLatest

ഉത്ര വധക്കേസ് വിധി ഇന്ന്

“Manju”

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ ഇന്ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ അന്തിമ വിധി പറയുക. കൊലപാതകം നടന്ന് ഒന്നര വര്‍ഷത്തിനുള്ളിലാണ് കേസില്‍ വിധിയെത്തുന്നത്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പ്രത്യേകതകള്‍ ഏറെയുള്ള കേസാണ് ഉത്ര വധക്കേസ്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച്‌ കടിപ്പിച്ച്‌ ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്.

ക്രൂരമായ കേസില്‍ ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോള്‍ വിധി പറയുന്നത്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍. ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി.

കോടതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവര്‍ത്തിച്ചു പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി. ഉച്ചയ്ക്ക് മുന്‍പ് തന്നെ കേസ് പരിഗണിക്കാനാണ് സാധ്യത. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിച്ച ശേഷം പ്രതിയുടെ ഭാഗം വീണ്ടും കേള്‍ക്കും. ശേഷമാകും ശിക്ഷാവിധി പ്രസ്താവിക്കുക.

Related Articles

Back to top button