InternationalLatestMotivation

44കാരിയുടെ കോവിഡ് കാലത്തെ നൊമ്പരക്കഥ

“Manju”

സിംഗപ്പൂര്‍: കാന്‍സര്‍ ബാധിച്ച് മരണാസന്നയായി കിടന്ന ഒരു അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റി കൊടുത്ത സിംഗപ്പൂര്‍ മെഡിക്കല്‍ ടീമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യക്കാരിയായ രാമമൂര്‍ത്തി രാജേശ്വരിയാണ് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലിരിക്കേ, അവസാനമായി മക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. സിംഗപ്പൂരിലെ സ്ഥിരതാമസക്കാരിയായിരുന്നു രാജേശ്വരി.
ചികിത്സയിലിരിക്കേയാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ ബന്ധുക്കളോടൊപ്പം താമസിക്കുന്ന ഒന്‍പതും പന്ത്രണ്ടും വയസ് പ്രായമുള്ള മക്കളെ കാണണമെന്ന അന്ത്യാഭിലാഷം രാജേശ്വരി പ്രകടിപ്പിച്ചത്. രാജേശ്വരിക്ക് കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലാണ് മക്കളെ ബന്ധുക്കളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയത്.
2020 ജൂണ്‍ 27ന് ഇന്ത്യയില്‍ എത്തി കുട്ടികളെ കണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് 44കാരി മരിച്ചത്. കുട്ടികളെ കാണാതെ മരിച്ചാല്‍ ഈ ലോകം വിട്ട് പോകാന്‍ കഴിയാതെ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ടി വരുമെന്ന് രാജേശ്വരി പറഞ്ഞതായി ഭര്‍ത്താവ് രാജഗോപാലന്‍ കണ്ണീരോടെ പറയുന്നു. കുട്ടികളെ വീണ്ടും കണ്ട സമയത്ത് അവര്‍ സന്തോഷവതിയായിരുന്നു. തിരിച്ചു വരുമെന്നും വീണ്ടും ഒരുമിച്ച് ജീവിക്കാമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചതായും രാജഗോപാലന്‍ ഓര്‍ക്കുന്നു.
കുട്ടികളെ കാണണമെന്ന ആഗ്രഹം നിറവേറ്റുന്നതിന് സിംഗപ്പൂരിലെ മെഡിക്കല്‍ സംഘം കഠിന പ്രയത്‌നമാണ് നടത്തിയത്. ആരോഗ്യനില മോശമാകാതിരിക്കാന്‍ തിരുച്ചിറപ്പള്ളിയില്‍ എത്തിയ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സിംഗപ്പൂരിലെ മെഡിക്കല്‍ ടീമാണ് ആശുപത്രിയില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഏഷ്യ പസഫിക് പാലിയേറ്റീവ് കെയര്‍ നെറ്റ് വര്‍ക്കിന്റെ സഹായത്തോടെയാണ് ക്രമീകരണങ്ങള്‍ സാധ്യമാക്കിയത്.
രാജേശ്വരിയെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് കരുതിയതല്ല. ജൂണ്‍ പത്തിന് നാട്ടിലേക്ക് പോകാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയതായി രാജഗോപാലന്‍ പറയുന്നു. കോവിഡ് സ്ഥിതിഗതികള്‍ മോശമായിരുന്ന സമയമായിരുന്നു. ഇതിനിടയിലും രാജേശ്വരിയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ മെഡിക്കല്‍ സംഘം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി രാജഗോപാലന്‍ പറയുന്നു.
തിരുച്ചിറപ്പള്ളിയില്‍ കുറച്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് രാജേശ്വരിയെ വീട്ടിലേക്ക് കൊണ്ടുപോയത്. മരണം മുഖാമുഖം കണ്ട നിരവധി സന്ദര്‍ഭങ്ങളില്‍ നിന്നാണ് 44കാരി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മക്കളെ കാണണമെന്ന അവരുടെ നിശ്ചയദാര്‍ഢ്യമാണ് രാജശ്വേരിയുടെ ആഗ്രഹം നിറവേറ്റണമെന്ന തീരുമാനത്തിലേക്ക് മെഡിക്കല്‍ സംഘത്തെ എത്തിച്ചതെന്ന് സിംഗപ്പൂരിലെ ഡോക്ടര്‍ പറയുന്നു.
കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ അവര്‍ക്ക് ശബ്ദം നഷ്ടമായി. ശാരീരിക അവശതകള്‍ക്ക് ഇടയിലും മക്കളെ കാണണമെന്ന അതിയായ ആഗ്രഹമാണ് അവസാന നാളുകളില്‍ അവര്‍ പ്രകടിപ്പിച്ചത്.
രാജേശ്വരിയുടെ ആരോഗ്യം മാത്രമല്ല പ്രതിബദ്ധമായി നിന്നത്. കോവിഡും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. എയര്‍ ഇന്ത്യയുടെയും സിംഗപ്പൂര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെ വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുന്‍പാണ് രാജേശ്വരിക്ക് നാട്ടിലേക്ക് പറക്കാന്‍ അനുമതി ലഭിച്ചത്.
ഉടന്‍ തന്നെ രക്തം മാറ്റിവെയ്ക്കല്‍ അടക്കം ആരോഗ്യനില വീണ്ടെടുക്കുന്നതിന് വേണ്ടി സിംഗപ്പൂരിലെ മെഡിക്കല്‍ സംഘം ആവശ്യമായ അടിയന്തര ശൂശ്രൂഷകള്‍ നിര്‍വഹിച്ചു. യാത്രക്കാരിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് മെഡിക്കല്‍ സംഘം ബോധിപ്പിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ പരിശീലനവും നല്‍കി. ഡോക്ടര്‍മാരുടെ ആത്മാര്‍ഥമായ സേവനം കൊണ്ട് മാത്രമാണ് രാജേശ്വരിക്ക് നാട്ടില്‍ വരാന്‍ കഴിഞ്ഞതെന്ന് രാജഗോപാലന്‍ പറയുന്നു

Related Articles

Back to top button