InternationalLatest

യുഎസിന്റെ ആണവ അന്തര്‍വാഹിനി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം

“Manju”

ന്യൂയോര്‍ക്: യുഎസിന്റെ ആണവ അന്തര്‍വാഹിനി രഹസ്യങ്ങള്‍ സാന്‍വിചില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെയില്‍ നാവികസേന എന്‍ജിനിയറും ഭാര്യയും പിടിയില്‍. യുഎസിന്റെ ആണവ അന്തര്‍വാഹിനികളുടെ ഡിസൈനും പ്രവര്‍ത്തന രഹസ്യവും അടങ്ങിയ മെമ്മറി കാര്‍ഡ് സാന്‍വിചിന്റെ ഇടയില്‍ വച്ച്‌ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. മൂന്നുതവണയാണ് ഇത്തരത്തില്‍ ദമ്പതികള്‍ രഹസ്യങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.

യുഎസ് നാവികസേനാ എന്‍ജിനിയറായ ജൊനാഥന്‍ ടീബെയും ഭാര്യ ഡയാനയുമാണ് വെസ്റ്റ് വെര്‍ജീനിയയില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) പിടിയിലായത്. ഇരുവരേയും അറസ്റ്റുചെയ്തു. പീനട് ബട്ടര്‍ സാന്‍ഡ് വിച്ചില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍ ഇവര്‍ മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ആ പ്രതിനിധി എഫ് ബി ഐ ചാരനാണെന്ന് ദമ്പതികള്‍ അറിഞ്ഞിരുന്നില്ല. താമസിയാതെ പിടി വീഴുകയും ചെയ്തു.

നാല്‍പതുകാരായ ദമ്ബതികള്‍ക്കു മേല്‍ അറ്റോമിക് എനര്‍ജി നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. യുഎസ് നാവികസേനയുടെ ആണവ നാവിക പദ്ധതിയില്‍ വിദഗ്ധനായാണ് ജൊനാഥന്‍ ടീബെ ജോലി ചെയ്തത്. ഭാര്യ ഡയാന ഹൈ സ്‌കൂള്‍ ടീചെറും. ഇതിനിടെയാണു മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയെന്നു കരുതിയ ആളുമായി ടീബെ പരിചയത്തിലായത്. ഇദ്ദേഹവുമായി ടീബെ എന്‍ക്രിപ്റ്റഡ് മെയിലുകളിലൂടെ ആശയവിനിമയം നടത്താന്‍ തുടങ്ങി.

ഈ മെയിലുകള്‍ മറ്റാരും കാണാന്‍ സാധ്യതയില്ലാത്തതിനാല്‍ താന്‍ പിടിക്കപ്പെടില്ലെന്ന് ടീബെ ഉറച്ചുവിശ്വസിച്ചിരുന്നു. താമസിയാതെ ഭാര്യ ഡയാനയും തട്ടിപ്പില്‍ പങ്കുചേരാന്‍ സമ്മതിച്ചു. ഒരു ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 72 ലക്ഷം ഇന്‍ഡ്യന്‍ രൂപ) തുകയ്ക്ക് ഡേറ്റ കൈമാറ്റം ചെയ്യാമെന്നും ടീബെ പ്രതിനിധിയെ അറിയിച്ചു.

ക്രിപ്‌റ്റോ കറന്‍സിയില്‍ വേണം പണം തരാനെന്നും, തരുന്ന മെമ്മറികാര്‍ഡ് എന്‍ക്രിപ്റ്റഡ് ആണെന്നും, പേയ്‌മെന്റ് ലഭിച്ച ശേഷം ഇതു ഡീക്രിപ്റ്റ് ചെയ്യാനുള്ള കീ അയച്ചുകൊടുക്കുമെന്നും ടീബെ അറിയിച്ചു. പ്രതിനിധിയെന്ന നിലയില്‍ വേഷം കെട്ടി അപ്പുറത്തുള്ള എഫ്ബിഐ ഏജന്റ് ഇതു സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു കൈമാറ്റം. മെമ്മറി കാര്‍ഡ് കൈമാറുവാനായി സാന്‍വിച്ചുമായി പോയത് ഡയാനയാണ്.

ആദ്യകൈമാറ്റം പൂര്‍ത്തീകരിക്കുകയും ടീബെയ്ക്ക് ഭാഗികമായ തുക കൈമാറുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമത്തെ കൈമാറ്റം ബബിള്‍ഗം പായ്കറ്റില്‍ വച്ചാണ് നല്‍കിയത്. ഇതും വിജയിച്ച ശേഷമാണ് മൂന്നാം കൈമാറ്റം നടന്നത്. ഇതോടെ മതിയായ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞ എഫ്ബിഐ ദമ്പതികളെ അറസ്റ്റ് ചെയ്തു.

രാജ്യദ്രോഹവും അഴിമതിയും ഉള്‍പ്പെടെ വലിയ കുറ്റങ്ങള്‍ ഉള്‍പെടുന്ന വകുപ്പുകളാണ് ദമ്പതികളെ കാത്തിരിക്കുന്നത്. ദീര്‍ഘകാല ജയില്‍ ശിക്ഷ ഇവര്‍ക്കു ലഭിച്ചേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ലോകത്തിലെ ഏറ്റവും നവീനമായ ആണവോര്‍ജ അന്തര്‍വാഹിനികള്‍ ഉപയോഗിക്കുന്ന രാജ്യമാണ് യുഎസ്. രാജ്യം വലിയ വില കൊടുത്ത് ഇതിന്റെ രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കാറുമുണ്ട്. അടുത്തിടെ ഓകസ് കക്ഷിരൂപീകരണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനി നല്‍കാന്‍ യുഎസ് തീരുമാനിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Related Articles

Back to top button