IndiaLatest

രാജ്യസുരക്ഷ ; ബി എസ് എഫിന് കൂടുതല്‍ അധികാരം നല്‍കാന്‍ തീരുമാനം

“Manju”

ന്യൂഡല്‍ഹി: അതിര്‍ത്തി രക്ഷാസേനയായ ബി എസ് എഫിന് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടുതല്‍ അധികാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്ത്. പാകിസ്ഥാനും ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലാണ് ബി എസ് എഫിന് കൂടുതല്‍ അധികാരം നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ വരെ ഉള്ളിലേക്കുള്ള പ്രദേശങ്ങളില്‍ റെയ്ഡ് നടത്തുന്നതും ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതുമടക്കമുള്ള അധികാരം ബി എസ് എഫിന് ഇനി മുതല്‍ ലഭിക്കും.
പഞ്ചാബ്, അസാം, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബി എസ് എഫിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ അധികാരം നല്‍കിയിട്ടുള്ളത്. മുമ്പ് ഈ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിപ്രദേശത്ത് നിന്ന് 15 കിലോമീറ്റര്‍ ഉള്ളിലേക്കുള്ള പ്രദേശങ്ങളില്‍ മാത്രമേ ബി എസ് എഫിന് പരിശോധന നടത്താനുള്ള അനുവാദം ഉണ്ടായിരുന്നുള്ളു. 15 കിലോമീറ്ററിന് പുറത്തുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുകയോ എന്തെങ്കിലും തരത്തിലുള്ള നടപടികളോ എടുക്കണമെങ്കില്‍ ലോക്കല്‍ പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തണമായിരുന്നു.
ഇനിമുതല്‍ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ലോക്കല്‍ പൊലീസിനെ പോലെ ബി എസ് എഫിനും സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യാനും നിയമനടപടികള്‍ സ്വീകരിക്കുവാനും അധികാരമുണ്ടായിരിക്കും. നാഗലാന്‍ഡ്, മിസോറാം, ത്രിപുര, മണിപ്പൂര്‍, ലഡാക്ക് എന്നീ പ്രദേശങ്ങളിലും ബി എസ് എഫിന് പൊലീസിന്റേതായ അധികാരങ്ങള്‍ ഉണ്ട്.
അതേസമയം ബി എസ് എഫിന് കൂടുതല്‍ അധികാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തു വന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും എത്രയും വേഗം തീരുമാനം പിന്‍വലിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പറഞ്ഞു. ബി എസ് എഫിന്റെ പ്രധാന ദൗത്യം രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിലാണെന്നും കുറച്ചു നാളായി തങ്ങളുടെ ജോലി നല്ല രീതിയില്‍ ചെയ്യാന്‍ ബി എസ് എഫിന് സാധിക്കുന്നില്ലെന്നും പഞ്ചാബിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബി എസ് എഫിന് കൂടുതല്‍ അധികാരം നല്‍കുന്നത് ലോക്കല്‍ പൊലീസും ബി എസ് എഫും തമ്മിലുള്ള ശത്രുത വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും പൊലീസ് ഓഫീസര്‍ വ്യക്തമാക്കി.
എന്നാല്‍ തങ്ങളുടെ ജോലി കുറച്ചുകൂടി കൃത്യതയോടെ ചെയ്യാന്‍ പുതിയ അധികാരങ്ങള്‍ സഹായിക്കുമെന്ന് ബി എസ് എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു രഹസ്യവിവരം ലഭിച്ചാല്‍ പൊലീസിനെ കാക്കാതെ തങ്ങള്‍ക്കു തന്നെ ആ ഓപ്പറേഷന്‍ നടത്താന്‍ പുതിയ നിയമങ്ങള്‍ സഹായിക്കുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Related Articles

Back to top button