Arts and Culture

മോക്ഷപ്രാപ്തിക്കായി തീർത്ഥാടകരെത്തുന്ന കാശി വിശ്വനാഥ ക്ഷേത്രം

“Manju”

ഉത്തർപ്രദേശിലെ ഗംഗാനദിയുടെ തീരത്ത് അർദ്ധചന്ദ്ര രൂപത്തിൽ കിടക്കുന്ന ഇന്ത്യയുടെ ആത്മീയ നഗരം. ഇവിടെ ജനിക്കുന്നതും മരിക്കുന്നതും പുണ്യം.. ബനാറസ് അഥവാ കാശി എന്ന പേരിൽ അറിയപ്പെടുന്ന ഈ പുണ്യഭൂമിക്കും ദ്വാദശ ജ്യോതിർലിംഗങ്ങളിൽ ഒന്നിവിടെ സ്ഥാപിച്ചുവെന്ന് കരുതുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിനും ചരിത്രവും പുരാണവും ഇടകലർന്ന ഒട്ടേറ കഥകൾ പറയാനുണ്ട്..

പകരം വെയ്‌ക്കാനില്ലാത്ത പൗരാണിക നഗരങ്ങളിലൊന്നായ വാരാണസിയിലാണ് വിശ്വാനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.. ശിവചരിതങ്ങളും ഇതിഹാസ പുരാണങ്ങളുമായുമെല്ലാം ബന്ധപ്പെട്ട് കിടക്കുന്ന ഈ ക്ഷേത്രം ഗംഗാനദിയുടെ പടിഞ്ഞാറ് ഭാഗത്താണ്. ഇന്ന് ഭാരതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായ വിശ്വനാഥ ക്ഷേത്രത്തിന് തകർച്ചയുടെയും പിന്നീടുണ്ടായ ഉയർച്ചയുടെയുമെല്ലാം ചരിത്രമുണ്ട്..

മരണാനന്തര കർമങ്ങൾ ഇവിടെ നടത്തിയാൽ പരേതർക്ക് മോക്ഷം ലഭിക്കുമെന്നും ശിവലോക പ്രാപ്തി ലഭിക്കുമെന്നുമാണ് വിശ്വാസം. അപകടങ്ങളും അകാലമരണവും ഒഴിവാക്കാൻ ഇവിടെ ദർശനം നടത്തുന്നത് അനുഗ്രഹമാകുമെന്നും ഭക്തർ വിശ്വസിക്കുന്നു. ഇതിനെല്ലാമുപരി ഹിന്ദുവും ജൂതനും ബുദ്ധനുനെല്ലാം ഒന്നിക്കുന്ന വാരാണസിയിലെ പ്രധാനയിടമാണ് കാശി വിശ്വനാഥ ക്ഷേത്രം.. ഋഗ്വേദത്തിലും കാശിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ശ്രീപരമേശ്വരന്റെ ത്രിശൂലത്തിൻമേലാണ് കാശിയുടെ കിടപ്പെന്നും കരുതുന്നു..

കാശിയിലെ പ്രധാന ആകർഷണം ഇവിടുത്തെ ഘട്ടുകളാണ്.. നാം കടവുകൾ എന്ന് വിശേഷിപ്പിക്കുന്നതിന് സമാനമാണ് കാശിയിലെ ഘട്ടുകൾ.. 88 ഘട്ടുകളാണ് ഗംഗയ്‌ക്ക് ഒരു വശത്ത് കൂടി ഇവിടെ കടന്നുപോകുന്നത്.. അതിൽത്തന്നെ അസിഘാട്ടു മുതൽ മണികർണിക ഘാട്ടുവരെയുള്ള മൂന്ന് കിലോമീറ്റർ അത്യധികം പ്രധാനപ്പെട്ടതാണ്.. എവിടെയും ഇരിക്കാൻ പാകത്തിനാണ് ഘാട്ടിന്റെ നിർമിതി.. വൈകുന്നേരത്തെ ഗംഗാ ആരതിയുടെ സമയത്താണ് ഘാട്ടിന്റെ ഭംഗി ഏറ്റവും മനോഹരമാകുന്നത്… പുണ്യനദിയായ ഗംഗയെ പൂജിക്കുന്ന ചടങ്ങാണ് ഗംഗ ആരതി.. ദീപങ്ങളുടെ പ്രകാശവും മണി നാദവും വർണാഭമായ വസ്ത്രം ധരിച്ചുള്ള പൂജാരിയുടെ കർമ്മവും ഏതൊരു തീർത്ഥാടകനെയും ആകർഷിക്കും.

ഇതിനെല്ലാം പുറമെ ദിവസം മുഴുവനും ശവസംസ്‌കാരം നടക്കുന്ന ഘാട്ടുകളാണ് മണികർണിക ഘട്ടും ഹരിശ്ചന്ദ്ര ഘട്ടും. പ്രതിദിനം 300ഓളം ശവദാഹങ്ങളാണ് ഇവിടെ നടക്കുന്നത്.. കാശിയുടെ മർമ്മസ്ഥാനമാണ് മണികർണിക.. മണികർണിക ഘട്ട് എന്ന പേരിന് പിന്നിലുള്ള ഐതിഹ്യം ശിവപാർവതീശ്വരൻമാരുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത്. ഇരുവരും ഇവിടെയെത്തി സ്‌നാനം ചെയ്തുവെന്നും അപ്പോൾ പാർവതിയുടെ മൂക്കുത്തിയും കമ്മലും വെള്ളത്തിൽ വീണുപോയെന്നുമാണ് വിശ്വാസം. അതിനാലാണിവിടെ മണികർണികാ ഘട്ട് എന്നറിയപ്പെടുന്നതെന്ന് കരുതുന്നു.

ഭാരതത്തിന്റെ ആത്മീയ തലസ്ഥാനമായും മോക്ഷം കിട്ടുന്ന നഗരമായും വിശ്വാസികൾ കരുതുന്ന ഇവിടെ പഴയ കാശി വിശ്വനാഥ ക്ഷേത്രം കൂടാതെ പുതിയ ക്ഷേത്രം കൂടിയുണ്ട്. ബനാറസ് സർവകലാശാലയ്‌ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന വിശ്വനാഥ മന്ദിർ.. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അതേ പ്രതിരൂപത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. സർവകലാശാല സ്ഥാപകനായ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ആശയമായിരുന്നു ഈ ക്ഷേത്രം.. ബിർളാ ക്ഷേത്രമെന്നും അറിയപ്പെടുന്ന ഈ പുതിയ വിശ്വനാഥ ക്ഷേത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഗോപുരമുള്ളതായാണ് കണക്കാക്കുന്നത്. നിർമാണ കലയിലെ അത്ഭുതമായി കരുതുന്ന ക്ഷേത്ര ഗോപുരത്തിന് 250 അടിയേക്കാൾ കൂടുതൽ ഉയരമുണ്ട്. 1931ൽ ആരംഭിച്ച് 35 വർഷടുത്താണ് ഇത് നിർമിച്ചത്.. എന്നാൽ പഴയ കാശിവിശ്വനാഥ ക്ഷേത്രം എന്ന് നിർമിക്കപ്പെട്ടുവെന്നത് വ്യക്തമല്ല.. ബനാറസ് നഗരത്തിന് 3000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു..

1194 മുതൽ കുത്തബ്ബുദ്ദീൻ ഐബക്കും മുഹമ്മദ് ഗോറിയും സിക്കന്തർ ലോധിയും തുടങ്ങി നിരവധി പേർ തകർത്തില്ലാതാക്കിയ ചരിത്രവും തൽസ്ഥാനത്ത് പള്ളി പണിത ചരിത്രവുമെല്ലാം കാശിക്കുണ്ട്. വിഗ്രഹാരാധനയോടുള്ള എതിർപ്പ് വൻതോതിൽ വാരാണസിയെന്ന നഗരത്തെ ആക്രമിച്ച് കീഴടക്കാൻ കാരണമായെന്നും കരുതുന്നു. എന്നാൽ റാണി അഹല്യയും രാജാ രഞ്ജിത് സിംഗുമെല്ലാം ക്ഷേത്രം പുനരുദ്ധരിക്കാനെടുത്ത പ്രവർത്തനങ്ങളും വാരാണസിക്ക് സ്വന്തമാണ്..

ക്ഷേത്രത്തിനകത്തെ ജ്ഞാനക്കിണറിലാണ് ഇവിടുത്തെ യഥാർത്ഥ ശിവലിംഗമെന്നും വിശ്വാസമുണ്ട്.. ഓരോ വർഷവും ഇവിടെ 400ഓളം ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു. ശിവരാത്രിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മോക്ഷം തേടിയലയാതെ ഇനിയൊരു പുനർജന്മം തേടാതെയൊരു മടക്കമാണ് പലർക്കും കാശീയാത്ര.. മറ്റൊരു നഗരത്തിലും കാണാത്ത കാഴ്ചകളും, വിശ്വാസങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞ അനുഭവങ്ങളുമാണ് ഓരോ തീർത്ഥാടകനും വാരാണസി കാത്തുവെച്ചിരിക്കുന്നത്..

Related Articles

Back to top button