Entertainment

ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം ഡിസംബറിൽ തീയറ്ററുകളിൽ

“Manju”

കൊച്ചി: 4×4 മഡ്‌റേസ് സിനിമയായ ‘മഡ്ഡി’ ഡിസംബറിൽ തീയറ്ററുകളിൽ. ഡിസംബർ 10ന് സിനിമ റിലീസ് ചെയ്യും. ഇന്ത്യയിലെ ആദ്യ മഡ്‌റേസ് ചിത്രമാണ് മഡ്ഡി.

ലോകമെമ്പാടുമുള്ള ആയിരത്തിലധികം തീയറ്ററുകളിലൂടെയാണ് മഡ്ഡി പ്രേക്ഷകരിലേക്കെത്തുക. ലോകസിനിമകളിൽ പോലും അപൂർവമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് മഡ്ഡി. അഞ്ച് വർഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

നവാഗതനായ ഡോ. പ്രഗഭലാണ് സിനിമയുടെ സംവിധായകൻ. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗിൽ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂർ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നൽകുന്നു എന്നത് ഈ ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. രാക്ഷസൻ സിനിമയിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

വിജയ് സേതുപതിയും, ശ്രീ മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയ മഡ്ഡിയുടെ മോഷൻ പോസ്റ്ററിന് സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഈ ചിത്രത്തിന്റെ ടീസർ ബോളിവുഡ് നടൻ അർജുൻ കപൂർ, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ തുടങ്ങിയ താരങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ ടീസർ 16ദശലക്ഷത്തിലധികം വ്യൂസ് നേടി ജനഹൃദയം കീഴടക്കി. കൊറോണ വ്യാപനത്തോടെ പ്രദർശനം നീണ്ടു പോയ തികച്ചും വ്യത്യസ്തമായ ഈ ചിത്രത്തിനായ് സിനിമ പ്രേമികൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

‘മഡ്ഡി തീർത്തും ഒരു തീയറ്റർ എക്‌സ്പീരിയൻസ് മൂവിയാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഡോ പ്രഗഭൽ വ്യക്തമാക്കി. ആവേശം നിറഞ്ഞ അതിസാഹസിക രംഗങ്ങളും, ത്രസിപ്പിക്കുന്ന വിഷ്വൽ -ഓഡിയോ അനുഭവവുമൊക്കെ അതിന്റെ ഭംഗി ചോരാതെ കൃത്യമായി പ്രേക്ഷകരിൽ എത്തിക്കുന്നതിനായാണ് ഇത്രനാൾ കാത്തിരുന്നത്. മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ലഭിച്ച മികച്ച ഓഫറുകൾ നിരസിച്ചാണ് മഡ്ഡി ബിഗ് സ്‌ക്രീനിലേക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു സാഹസിക ആക്ഷൻ ത്രില്ലറാണ് മഡ്ഡി. ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലൊക്കേഷനാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും.

പി.കെ 7 ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽ സുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Related Articles

Back to top button