KeralaLatestPathanamthitta

പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍

“Manju”

പത്തനംതിട്ട: 2018ലെ പ്രളയക്കെടുതിയില്‍ നിന്നും കരകയറും മുന്നേ പത്തനംതിട്ടയില്‍ വീണ്ടും നാശം വിതച്ച്‌ കനത്ത മഴ. 12 മണിക്കൂറിനിടെ 10 സെ.മീ മഴ പെയ്തതായാണ് വിവരം. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു.
മലയാലപ്പുഴ മുസല്യാര്‍ കോളജിന് സമീപം വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് വ്യാപക കൃഷിനാശമുണ്ടായി. കുമ്ബഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി കഴിഞ്ഞു. കുമ്ബഴ മലയാലപ്പുഴ റോഡിലേയ്ക്ക് വെള്ളം കയറി. റാന്നിയില്‍ ജലനിരപ്പ് ഉയര്‍ന്നു. വലിയതോട് കവിഞ്ഞ് റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന് സമീപത്തേയ്ക്ക് വെള്ളം കയറുകയാണ്.
പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മാമുക്ക് ജംങ്ങ്ഷനിലും വെള്ളം കയറി. മഴവെള്ളം ഒഴുകി പോകാനാകാതെ പത്തനംതിട്ടയിലെ കെ എസ് ആര്‍ ടി സി ഗാരേജ് വെള്ളത്തിനടിയിലായി. പന്തളം കുടശനാടില്‍ കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞു. ഡ്രൈവര്‍ രക്ഷപ്പെട്ടു. ഏഴംകുളം അറുകാലിക്കല്‍ ഭാഗത്ത് മരം വീണ് വീട് തകര്‍ന്നു. അടൂരില്‍ വൈദ്യുതി നിലച്ചു. വകയാര്‍, മുറിഞ്ഞകല്‍ എന്നിവിടങ്ങളിലെ റോഡുകളിലേയ്ക്കും വെള്ളം കയറിതുടങ്ങി. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ല.
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായി ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പമ്ബാ ത്രിവേണിയില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മഴ കൂടുതല്‍ ശക്തമായാല്‍ എല്ലാ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്.

Related Articles

Back to top button