KeralaLatestPathanamthitta

കരയ്‌ക്കു കയറ്റാന്‍ കടലിന്റെ മക്കള്‍ എത്തി

“Manju”

പത്തനംതിട്ട : പ്രളയ ദുരിതത്തില്‍ നിന്നും പത്തനംതിട്ട ജില്ലയെ കരയ്‌ക്കു കയറ്റാന്‍ കടലിന്റെ മക്കള്‍ കൊല്ലത്തു നിന്നും മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയില്‍ എത്തിച്ചു. ഏഴ് മത്സ്യബന്ധന ബോട്ടുകളാണ് എത്തിച്ചത്. ജില്ലയില്‍ കൂടുതല്‍ താഴ്ന്ന പ്രദേശങ്ങള്‍ ഉള്ളതിനാല്‍ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ബോട്ടുകള്‍ എത്തിച്ചത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അധികൃതര്‍ ഇന്നലെ രാത്രി കൊല്ലത്തു നിന്നും മത്സ്യബന്ധന ബോട്ടുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ എത്തിയത്. ജില്ലയിലെ ജലനിരപ്പ് ഉയര്‍ന്ന മേഖലകളില്‍ ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. മഴ കനത്തനാശം വിതച്ച മല്ലപ്പള്ളിയില്‍ രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് വിന്യസിച്ചിരിക്കുന്നത്.

പെരുമ്പട്ടി, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ ഓരോ ബോട്ടുകള്‍ വീതവും, പന്തളത്ത് രണ്ട് ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. നിലവില്‍ മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലയിലെ നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്. മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ നദികളിലെ ജലനിരപ്പ് അപകട നിലയില്‍ തുടരുകയാണ്. മണിമലയാറിന്റെ തീരപ്രദേശത്താണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. മല്ലപ്പള്ളി ടൗണ്‍, കോട്ടാങ്ങല്‍, വായപൂര്‍, ആനിക്കാട് മേഖലകളിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ആളപായമില്ലാതെ എല്ലാവരേയും രക്ഷപ്പെടുത്തുവാന്‍ സാധിക്കുന്നുണ്ട്.

ഫയര്‍ഫോഴ്സിന്റെ മൂന്ന് ടീം, എന്‍ഡിആര്‍എഫ് ടീം, പോലീസ്, റവന്യു, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2018 ലെ പ്രളയത്തില്‍ പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നതും കൊല്ലത്തു നിന്നും എത്തിയ മത്സ്യത്തൊഴിലാളികളായിരുന്നു. കടുത്ത വെല്ലുവിളികള്‍ക്കിടയിലും നിരവധി ജീവനുകളെയാണ് ഇവര്‍ കരയ്‌ക്ക് പിടിച്ചു കയറ്റിയത്. കേരളത്തിന്റെ സൈന്യം എന്ന വിളിപ്പേരും ഇതിന് ശേഷം ഇവര്‍ക്ക് ലഭിച്ചിരുന്നു.

Related Articles

Back to top button