Kerala

ഏത് സാഹചര്യത്തേയും നേരിടാൻ തയ്യാർ: തീവ്രമഴ അവസാനിച്ചിട്ടില്ല: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്‌നബാധിത പ്രദേശങ്ങളിൽ നാളെയും രക്ഷാപ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എയർ ഫോഴ്‌സിന്റെ രണ്ടു ചോപ്പറുകൾ തിരുവനന്തപുരം, കൊച്ചിയിലെ ഐ എൻ എസ് ഗരുഡ എന്നിവിടങ്ങളിൽ സജ്ജമായി നിൽപ്പുണ്ട്. ആവശ്യം വരുന്ന സാഹചര്യത്തിൽ ഏതു നിമിഷവും ഇവരെ വിന്യസിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളകർണാടകലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം നാളെ വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കേരളകർണാടകലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ ഉണ്ടാവാനും കടൽ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20) മുതൽ 34 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചന നൽകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ 20 നു 10 ജില്ലകളിലും ഒക്ടോബർ 21 നു 6 ജില്ലകളിലും യെല്ലോ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമഴ അവസാനിച്ചിട്ടില്ല എന്നാണു ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ , പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവർ ഇന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button