KeralaLatestThiruvananthapuram

കൊവാക്‌സിന് അനുമതി വൈകുന്നത് വ്യക്തമാക്കി ലോകാരോഗ്യ സംഘടന

“Manju”

ഡല്‍ഹി: ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി വൈകുന്നതില്‍ വിശദീകരണവുമായി ലോകാരോഗ്യ സംഘടന. മരുന്നുമായി ബന്ധപ്പെട്ട് ഭാരത് ബയോടെകില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

‘കൊവാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പ് വരുത്തണം. എല്ലാ വശങ്ങളും പഠിക്കാതെ അതിന് അംഗീകാരം നല്‍കുന്നത് സാധ്യമല്ലെന്നും’ ഡബ്ല്യുഎച്ച്‌ഒ ട്വിറ്ററില്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ഭാരത് ബയോടെക് കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വിദഗ്ധര്‍ ഈ വിവരങ്ങള്‍ പഠന വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു. വാക്‌സിന് കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ‘കൊവാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടാന്‍ ധാരാളം പേര്‍ കാത്തിരിക്കുന്നുണ്ടെന്ന് അറിയാം.
പക്ഷേ എല്ലാ കാര്യങ്ങളും പൂര്‍ണമായും പഠിക്കാതെ അനുമതി നല്‍കുന്നത് സാധ്യമല്ല. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കും മുന്‍പ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന്’ ഡബ്ല്യുഎച്ച്‌ഒ ഒരു ട്വീറ്റില്‍ പറയുന്നു. കമ്പനി എത്ര വേഗമാണ് മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നത്, വാക്‌സിന്റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി, കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ കുടുംബങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകാനുള്ള സാഹചര്യം തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷം മാത്രമാണ് വാക്‌സിന് അന്തിമ അനുമതി നല്‍കുന്നത്.
ലോകാരോഗ്യ സംഘടനയുടെ എല്ലാ ചോദ്യങ്ങളും ഭാരത് ബയോടെക് കൃത്യമായ വിശദീകരണം നല്‍കണം. ഇത് പഠന വിധേയമാക്കിയതിന് ശേഷമായിരിക്കും തീരുമാനങ്ങളെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു. അതേസമയം ഈ മാസം 26ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്.

അന്നേ ദിവസം കൊവാക്‌സിന് അടിയന്തര അനുമതി ലഭിക്കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, സ്ഫുട്‌നിക് എന്നീ വാക്‌സിനുകളാണ് രാജ്യത്ത് ഇപ്പോള്‍ ഉപയോഗിച്ച്‌ വരുന്നത്. ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ, സിനോഫോം, അസ്ട്രസെനക്ക, കൊവിഷീല്‍ഡ് തുടങ്ങിയ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.

Related Articles

Back to top button