IndiaLatest

ഷാരൂഖ് ഖാനെ മുണ്ടുടുപ്പിച്ച മലയാളി വിടവാങ്ങി

“Manju”

മാന്നാര്‍: ‘കോന്‍ ബനേഗാ ക്രോര്‍പതി’ മത്സരത്തിലേക്ക് ക്ഷണം ലഭിച്ച ആദ്യ മലയാളി മാന്നാര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ കുട്ടമ്ബേരൂര്‍ ജയശ്രീയില്‍ സഞ്ജയ് (59) നിര്യാതനായി. മത്സരത്തിന് ഷാരൂഖിന് മുന്നിലെ ഹോട്ട് സീറ്റിലേയ്ക്ക് സഞ്ജയ് എത്തിയത് തനി നാട്ടിന്‍പുറത്തുകാരനായി മുണ്ടുടുത്തായിരുന്നു. പിന്നീട് പരിപാടി അവതരിപ്പിച്ച ഷാരൂഖ് ഖാനും മുണ്ടുടുത്തു. ഷാരൂഖിനെ മുണ്ടുടുക്കാന്‍ പഠിപ്പിച്ചത് സഞ്ജയ് ആയിരുന്നു. ദേശീയ മാദ്ധ്യമങ്ങള്‍ അന്നത്തെ മത്സരം വാര്‍ത്തയാക്കിയിരുന്നു. മത്സരത്തില്‍ മികച്ച വിജയം നേടിയ സഞ്ജയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നല്‍കിയാണ് ഖാന്‍ യാത്രയാക്കിയത്.
മൂന്ന് പതിറ്റാണ്ട് മുമ്ബ് കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എയില്‍ ഉയര്‍ന്ന വിജയം നേടി. ചരിത്രം ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും ഭാരത ചരിത്രത്തെ പറ്റി വലിയ അറിവുണ്ടായിരുന്നു. ഒരുതവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിരഞ്ഞെടുത്തതും ഭാരത ചരിത്രമായിരുന്നു. മൂന്നാം റാങ്ക് നേടുകയും ചെയ്തു. എന്നാല്‍ ബിസിനസിലായിരുന്നു ഇദ്ദേഹത്തിന് താത്പര്യം. 1990ല്‍ മാന്നാറിലെ ആദ്യ ഗ്യാസ് ഏജന്‍സി ഇദ്ദേഹത്തിന്റേതായിരുന്നു.
പ്രായമേറിയപ്പോള്‍ എഴുതിയ എല്‍.എല്‍.ബി എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്കും നേടി. അച്ഛന്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ മകനായ കരുണ്‍ സഞ്ജയ് രണ്ട് ഒന്നാം റാങ്കുകള്‍ നേടി. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബിക്കും എല്‍.എല്‍.എമ്മിനുമായിരുന്നു ഇത്. ഇക്കണമോക്സില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷണത്തിനായി നടത്തിയ എന്‍ട്രന്‍സില്‍ മകള്‍ കാവ്യക്കായിരുന്നു ഒന്നാം റാങ്ക്. അങ്ങനെ ഒരു വീട്ടില്‍ നാല് ഒന്നാം റാങ്കുകള്‍. പരേതരായ റിട്ട. ലെഫ്. കേണല്‍ പി.വി.കെ. പിള്ളയുടെയും റിട്ട. അദ്ധ്യാപിക സരോജനിഅമ്മയുടെയും മകനാണ്. പരേതയായ ജയശ്രീയാണ് ഭാര്യ. സഞ്ചയനം 24ന് രാവിലെ 9ന്.

Related Articles

Back to top button