KeralaLatest

സുരക്ഷിതമായ ജലനിരപ്പെന്ന് അധികൃതര്‍

“Manju”

കൊച്ചി: ജലസംഭരണികളില്‍ സുരക്ഷിത ജലനിരപ്പായെന്ന് അധികൃതര്‍. ഇടമലയാറില്‍ ജലനിരപ്പ് ബ്ലൂ അലര്‍ട്ടിനും താഴെയെത്തി. ഇനി ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാര്‍ കരകവിയുമെന്ന ആശങ്ക വേണ്ടെന്നും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഇടമലയാര്‍ ഡാമും ഇടുക്കി ഡാമും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിയപ്പോള്‍ പെരിയാര്‍ കരകവിഞ്ഞൊഴുകാതിരിക്കാനുള്ള ദൗത്യം ജലസേചന വകുപ്പ് ഏറ്റെടുത്തിരുന്നു. ചെറുതോണി മുതല്‍ വടുതല , പറവൂര്‍ വരെ നിരീക്ഷണം നടത്തി ഓരോ മണിക്കൂറിലും ജലനിരപ്പ് സംബന്ധിച്ച്‌ വകുപ്പിന്റെ നേതൃത്വത്തില്‍ പുറത്തു വിട്ടിരുന്നു. മഴ കുറഞ്ഞു നിന്നതും കൃത്യമായ ആസൂത്രണവുമാണ് പെരിയാര്‍ കരകവിയാതിരിക്കാനുള്ള കാരണങ്ങളെന്ന് ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ആര്‍ ബാജി ചന്ദ്രന്‍ പറഞ്ഞു.പുഴയിലേക്കൊഴുക്കിയ വെള്ളത്തിന്റെ അളവും കുറവായിരുന്നു. പുഴ കായലുമായി ചേരുന്ന ഭാഗങ്ങളിലെ തടസങ്ങള്‍ നീക്കി ഒഴുക്ക് കൂട്ടിയതും തുണയായി. ഇനി മഴ പെയ്താലും ഇടമലയാര്‍ ഡാമില്‍ സംഭരിക്കാനുള്ള ഇടമുണ്ട്. ഇടമലയാര്‍ ഡാമിലെ ഷട്ടറുകള്‍ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കാം. അസാധാരണ അന്തരീക്ഷം വന്നാല്‍ മാത്രം ആശങ്കമതി. പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടാകേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ബാജി പറഞ്ഞു.

Related Articles

Back to top button