KeralaLatest

കൊങ്കണി ഭാഷയ്ക്ക് കൊച്ചിയില്‍ സെന്റര്‍

“Manju”

കൊച്ചി: കൊങ്കണി ഭാഷയ്ക്ക് കൊച്ചിയില്‍ സെന്റര്‍ ആരംഭിക്കാന്‍ ഗോവ സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയതായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കൊച്ചിയില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവയുടെ ഭാഷ കൊങ്കണിയാണ്. പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഭരണഘടന വിഭാവനം ചെയ്തതാണ്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ എന്ന നിലയില്‍ ഗോവ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിയമവശങ്ങള്‍ പരിശോധിച്ചതിന് ശേഷം കൊച്ചിയില്‍ കൊങ്കണിക്കായി സെന്റര്‍ ആരംഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്തുതിപാഠകരല്ല വിമര്‍ശകരാണ് വഴികാട്ടികളെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശനത്തെ ഭയപ്പെടുകയല്ല, വഴികാട്ടിയായി സ്വീകരിക്കുകയാണ് നമ്മുടെ രീതി. ജനാധിപത്യത്തെ മുന്നോട്ട് നയിക്കാന്‍ സാഹിത്യത്തിനും സംഗീതത്തിനുമാകും. തപസ്യ പിറന്നത് അടിയന്തരാവസ്ഥയിലാണ്. സുകുമാര്‍ അഴീക്കോടും എംടിയുമൊക്കെ തപസ്യയുടെ വേദികളില്‍ വന്നു.
ഇംഗ്ലീഷുകാരന്‍ കരം പിരിക്കാന്‍ കൂട്ടിച്ചേര്‍ത്തതാണ് രാഷ്ട്രം എന്ന് വാദിക്കുന്നവര്‍ ഇവിടെയൊരു നദിക്ക് ഭാരതപ്പുഴയെന്ന് പേരുണ്ടായതെങ്ങനെയെന്ന് പറയണം. വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയ സംഗീതജ്ഞരും കലാകാരന്മാരും ഭാരതത്തിലേക്ക് മടങ്ങിയെത്തി. ദാരിദ്ര്യത്തിലായിരുന്ന കാലത്താണ് ബിസ്മില്ലാ ഖാനെ ന്യൂയോര്‍ക്കില്‍ സംഗീത വിദ്യാലയത്തിലേക്ക് ക്ഷണിച്ചത്. നിങ്ങള്‍ക്ക് ഗംഗയെക്കൂടി ന്യൂയോര്‍ക്കിലെത്തിക്കാമോ എന്നായിരുന്നു മറുചോദ്യം.
ഗംഗയെ ഇഷ്ടപ്പെടുന്ന, ഹിമാലയത്തെ സ്‌നേഹിക്കുന്ന ആഷാ മേനോന്മാര്‍ രാഷ്ട്രത്തിന്റെ തന്നെ പ്രത്യാശകളാണ്. എളിമയുടെ തെളിമയും പ്രൗഡിയുമാണ് വിശ്വംഭരന്‍ മാഷ്. ദേശീയ സ്വത്വത്തിലൂന്നിയ രാഷ്ട്രീയവും ദര്‍ശനവുമായിരുന്നു അദ്ദേഹത്തിന്റേതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Related Articles

Back to top button