KeralaKottayamLatest

പ്രകൃതിക്ഷോഭം; വൈദ്യുതിമേഖലയ്ക്ക് നാല് കോടി രൂപയുടെ നഷ്ടം

“Manju”

കോട്ടയം : ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ വൈദ്യുതിമേഖലയ്ക്കുണ്ടായത് നാല് കോടി രൂപയുടെ നഷ്‌ടമെന്ന് പ്രാഥമിക കണക്ക്. ജില്ലയിലെ ഒരു ലക്ഷം ഉപഭോക്താക്കളെയാണ് വൈദ്യുതി പ്രതിസന്ധി നേരിട്ട് ബാധിച്ചത്. 850 ട്രാന്‍സ് ഫോര്‍മറുകളും അഞ്ഞൂറിലേറെ പോസ്റ്റുകളും തകര്‍ന്നു. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കനത്ത നാശം വിതച്ച കൂട്ടിക്കല്‍, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ , മുണ്ടക്കയം, എരുമേലി, പാറത്തോട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് കെഎസ്‌ഇബിക്കും വലിയ നഷ്ടം. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പാലാ സര്‍ക്കിളില്‍ നഷ്ടം മൂന്നേകാല്‍ കോടിരൂപ. മണിമല , പത്തനാട് സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെയും നഷ്ടവും കണക്കാക്കുന്നു. 1,04,809 ഉപഭോക്താക്കളെയാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ബാധിച്ചത്. പ്രളയബാധിത മേഖലകളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ യുദ്ധകാലടിസ്ഥാനത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.

853 ട്രാന്‍സ് ഫോര്‍മറുകള്‍ക്ക് കേട്പാട് സംഭവിച്ചു.185 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 241 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ഒടിഞ്ഞു. പത്തര കിലോമീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ക്കും 16 കിലോമീറ്റര്‍ ലോടെന്‍ഷന്‍ ലൈനുകള്‍ക്കും നാശമുണ്ടായി. കോട്ടയം സര്‍ക്കിളിലെ കേട്പാടുകള്‍ വ്യാഴാഴ്ചയോടെ പരിഹരിച്ചു. പാലാ സര്‍ക്കിളിലെ പ്ലാപ്പിള്ളി, വടക്കേമല, മുണ്ടക്കയം, കൂട്ടിക്കല്‍ ടൗണ്‍, ഏഴേക്കര്‍, ഉറുമ്പിക്കര എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കും. മറ്റ് സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതായി കെ.എസ്. ഇ .ബി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button