KeralaLatestWeather

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും

“Manju”

കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ചൊവ്വാഴ്ച 10 ജില്ലകളിലാണ് പുതിയ റിപോര്‍ട്ട് പ്രകാരം യെല്ലോ അലര്‍ട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പുകള്‍ വരുന്നതോടെ അലര്‍ട്ടുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുകയാണ്.
ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇടുക്കി, കക്കി ഡാമുകള്‍ റെഡ് അലര്‍ട്ടില്‍നിന്നും ഇന്നലെ ഓറഞ്ച് അലര്‍ട്ടിലേക്ക് മാറി. തമിഴ്‌നാട് തീരത്ത് രൂപം കൊണ്ട ചക്രവാതച്ചുഴി ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണം.
2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകടസാധ്യത മുന്നില്‍കണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.

Related Articles

Back to top button