InternationalLatestഎഴുത്തിടം | Ezhuthidam

‘നക്ഷത്രങ്ങള്‍ പെയ്തിറങ്ങുന്ന രാവ്’ ശാര്‍ജ പുസ്‌തകമേളയില്‍ പുറത്തിറങ്ങും

“Manju”

ദുബൈ: ഇറാഖിലെ പ്രശസ്ത കവിയും കഥകാരിയും നോവലിസ്റ്റുമായ വഫാ അബ്ദുര്‍ റസാഖിന്റെ തെരഞ്ഞെടുത്ത കഥാസമാഹാരങ്ങളുടെ മലയാള വിവര്‍ത്തനം ശാര്‍ജ പുസ്‌തകമേളയില്‍ പുറത്തിറങ്ങും. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹിയാണ് ‘നക്ഷത്രങ്ങള്‍ പെയ്തിറങ്ങുന്ന രാവ്’ എന്ന പേരില്‍ മലയാള വിവര്‍ത്തനം തയ്യാറാക്കിയിരുക്കുന്നത്.

അറബി, മലയാളം ഭാഷകളില്‍ 14 പുസ്തകങ്ങള്‍ അബ്ദുല്‍ മജീദ് സ്വലാഹിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. യമന്‍ കഥകളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അന്‍സാര്‍ റിസര്‍ച് സെന്ററില്‍ ഗവേഷക ഗൈഡ് കൂടിയാണ് അദ്ദേഹം. നിരവധി ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കുകയും അന്താരാഷ്ട്ര ജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

വഫാ അബ്ദുറസാഖിന്റെ രചനകള്‍ ആദ്യമായിട്ടാണ് മലയാളത്തില്‍ വെളിച്ചം കാണുന്നത്. ജനപ്രിയസാഹിത്യങ്ങളില്‍ ഒരു പോലെ ഇടപെടാന്‍ കഴിയുന്നുവെന്നതാണ് വഫയെ അറബ് ലോകത്ത്
വേറിട്ടുനിര്‍ത്തുന്നത്. ജീവകാരുണ്യ സാമൂഹികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് വഫാ. നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച വനിതകള്‍ക്കുള്ള ഓസ്കാര്‍ പുരസ്കാരവും നേടിയിട്ടുണ്ട്.
അറബി സാഹിത്യ ഭാഷയില്‍ പതിനാലും ഇറാഖി സംസാര ഭാഷയില്‍ പതിനൊന്നും കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

വഫയുടെ കഥകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ വേദനകള്‍ നിറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യജീവിതത്തെ വരിഞ്ഞു മുറുക്കുന്ന തിന്മകളെ വരച്ചിടുന്ന ഇവര്‍ നൊബേല്‍ സമ്മാനത്തിന് വരെ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. യുദ്ധവും ആഭ്യന്തരകലഹവും ഗോത്രസംഘര്‍ഷങ്ങളും മാനവസമൂഹത്തിനുണ്ടാക്കുന്ന ദുരന്തം വഫയുടെ രചനകളില്‍ തെളിഞ്ഞു കാണുന്നുണ്ട്. ഇറാഖിലെ ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും എളിമയും വഫയുടെ കഥകളില്‍ കാണാം. യൂഫ്രടീസിന്റെയും ടൈഗ്രീസിന്റെയും തെളിമയും ഇറാഖി മണ്ണിന്റെ മണവും ആസ്വദിക്കാന്‍ കഴിയുന്ന വഫയുടെ രചനകള്‍ കാലങ്ങളെ അതിജീവിക്കാന്‍ കരുത്തുള്ളതാണ്. കോഴിക്കോട്ടെ ലിപിയാണ് ഇറാഖി കഥകളുടെ മലയാള വിവര്‍ത്തനം പുറത്തിറക്കിയിരിക്കുന്നത്

Related Articles

Back to top button