AlappuzhaLatest

അജ്ഞാത വാഹനം ഇടിച്ചിട്ട വൃദ്ധന്‍ വിടപറഞ്ഞു.

“Manju”

ചേര്‍ത്തല: ഒരാഴ്ച മുന്‍പ് അജ്ഞാത വാഹനമിടിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ചേര്‍ത്തല വെള്ളിയകുളം സ്വദേശി അറമ്പാക്കല്‍ ഔസേപ്പ് ആന്റണി (76) ആണ് ഇന്ന് പുലര്‍ച്ചെ 4.30 ഓടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഇക്കഴിഞ്ഞ 17ന് വൈകിട്ട 5.30 ഓടെ ചേര്‍ത്തല- തണ്ണീര്‍മുക്കം റൂട്ടില്‍ താന്നിച്ചുവട് ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം നടന്നത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകാന്‍ ഇറങ്ങിയ ഔസേപ്പിനെ പിന്നിലൂടെ വന്ന വെള്ള നിറത്തിലുള്ള റെനോ ക്വിഡ് കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അമിത വേഗതയിലായിരുന്നു കാര്‍. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഓസേപ്പിനെ തിരിഞ്ഞുപോലും നോക്കാതെ ഡ്രൈവര്‍ കാറുമായി പാഞ്ഞുപോകുകയായിരുന്നു.
ചേര്‍ത്തലയില്‍ നിന്നും തണ്ണീര്‍മുക്കം റൂട്ടിലേക്കാണ് കാര്‍ പോയിരിക്കുന്നത്. എന്നാല്‍ കാര്‍ തണ്ണീര്‍മുക്കം ജംഗ്ഷന്‍ കടന്നതായി അവിടെയുള്ള സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്താനായിട്ടില്ലെന്ന് മകന്‍ അജി പറഞ്ഞു. കുണ്ടുവളവ് വഴി കാര്‍ മുഹമ്മ-ആലപ്പുഴ റോഡിലേക്ക് കയറിയിരിക്കാമെന്നാണ് സംശയിക്കുന്നത്.
തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് തല പൊട്ടിയിരുന്നു. തലയ്ക്കുള്ളില്‍ രക്തം വന്ന നിലയിലായിരുന്നു. ഒരു കാല്‍ ഒടിയുകയും റോഡില്‍ ഉരഞ്ഞ് കൈ തൊലിപോയ നിലയിലുമായിരുന്നു. ഈ സമയം ഔസേപ്പ് അബോധാവസ്ഥയിലുമായിരുന്നു.
അപകടമുണ്ടാക്കിയെന്ന് സംശയിക്കുന്ന കാറിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട്
നാട്ടുകാര്‍ ഉടന്‍തന്നെ ഇദ്ദേഹത്തെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ബോധം തെളിയുകയോ കണ്ണു തുറക്കുകയോ ചെയ്തിരുന്നില്ല.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം കിട്ടിയ ശേഷമേ ഇന്‍ക്വിസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടം ചെയ്യാനാവൂ. ഫലം വൈകിയാല്‍ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കാനിടയില്ലെന്ന ആശങ്കയും മകന്‍ അജി പറഞ്ഞു.
അപകടത്തെ കുറിച്ച്‌ ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ കുടുംബം പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ദിവസങ്ങള്‍ വൈകുംതോറും സിസിടിവി ദൃശ്യങ്ങള്‍ മാഞ്ഞുപോയേക്കാമെന്നും അത് കാറിനെയും കുറ്റകരമായ അനാസ്ഥ കാണിച്ച ഡ്രൈവറേയും കണ്ടെത്താനുള്ള സാധ്യതകള്‍ ഇല്ലാതാക്കുമെന്നും കുടുംബം ആശങ്ക പ്രകടിപ്പിച്ചു. കാര്‍ കടന്നുപോകാനിടയുള്ള മുഴുവന്‍ റോഡുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം കണ്ടെത്താന്‍ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമമാണ് ചേര്‍ത്തല പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

Related Articles

Back to top button