KeralaLatest

കോണ്‍ഗ്രസ് ;അംഗത്വ വിതരണം നാളെ ആരംഭിക്കും

“Manju”

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം കേരളപ്പിറവി ദിനമായ നാളെ ആരംഭിക്കും.
കെപിസിസി ആസ്ഥാനത്ത് രാവിലെ 11ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.
ബൂത്ത്, ബ്ലോക്ക് കമ്മിറ്റി തെരഞ്ഞെടുപ്പ്
നവംബര്‍ ഒന്നു മുതല്‍ മാര്‍ച്ച്‌ 31 വരെയാണ് അംഗത്വവിതരണം. ഡിസിസി തൊട്ട് താഴോട്ടുള്ള കമ്മിറ്റികള്‍ ഇതിനു നേതൃത്വം കൊടുക്കും. ഏപ്രില്‍ ഒന്നിനും 15നും ഇടയില്‍, അംഗീകരിക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളുടെ പട്ടിക ഡിസിസികള്‍ പ്രസിദ്ധീകരിക്കും. 16 മുതല്‍ ബൂത്ത്, ബ്ലോക്ക് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡിസിസികളിലെ തെരഞ്ഞെടുപ്പും ഓഗസ്റ്റില്‍ കെപിസിസി തെര‍ഞ്ഞെടുപ്പുകളും നടക്കും.
കെപിസിസി നേതൃയോഗങ്ങള്‍
നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ചേരുന്ന കെപിസിസി നേതൃയോഗങ്ങള്‍ അംഗത്വ വിതരണത്തിന്റെ തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യും. പുതുതായി രൂപീകരിച്ച യൂണിറ്റുകളെക്കൂടി അംഗത്വ വിതരണത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം കെപിസിസി പരിഗണിക്കുന്നുണ്ട്. നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ 1992 ലാണ് കേരളത്തില്‍ വാശിയേറിയ സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തില്‍ നടന്നത്. അന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എ കെ ആന്റണിയും വയലാര്‍ രവിയും തമ്മില്‍ നടന്ന മത്സരത്തില്‍ വയലാര്‍ രവി വിജയിച്ചു. പിന്നീടെല്ലാം ഗ്രൂപ്പുകള്‍ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ചെയ്തുവന്നിരുന്നത്.

Related Articles

Back to top button