KeralaLatest

കുട്ടികളുടെ നോബല്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മുഹമ്മദ് ആസിമും

“Manju”

കോഴിക്കോട്: നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് നാമനിര്‍ദ്ദേശത്തിന്റെ അവസാന പട്ടികയില്‍ ഇടംപിടിച്ച്‌ ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം (15).

കുട്ടികളുടെ നോബല്‍ പ്രൈസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരത്തിന് 39 രാജ്യങ്ങളില്‍ നിന്നായി എത്തിയ 169 നോമിനികളില്‍ നിന്നാണ് വിദഗ്ദ്ധപാനല്‍ മൂന്നു പ്രോജക്ടുകള്‍ അവസാന ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുത്തത്. ഡല്‍ഹി സ്വദേശികളും സഹോദരങ്ങളുമായ വിഹാന്‍ അഗര്‍വാള്‍, നവ് അഗര്‍വാള്‍, ബ്രിട്ടീഷുകാരിയായ ക്രിസ്റ്റീന അഡാന്‍ എന്നിവരും അവസാന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍ രക്ഷാധികാരി ആര്‍ച്ച്‌ ബിഷപ്പ് ഡെസ്‌മണ്ട് ടുട്ടുവാണ് കഴിഞ്ഞ ദിവസം ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചത്. വിജയിയെ 12ന് പ്രഖ്യാപിക്കും. പുരസ്കാര സമര്‍പ്പണം 13 ന് ഹേഗില്‍ നടക്കും.

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനു പുറമെ ഒരു കോടി രൂപയുടെ പ്രോജക്‌ട് ഫണ്ട് കൂടി ഉള്‍പ്പെടുന്നതാണ് പുരസ്കാരം. കാസര്‍കോട്ടെ അക്കര ഫൗണ്ടേഷനാണ് ആസിമിനെ നാമനിര്‍ദ്ദേശം ചെയ്തത്. വെളിമണ്ണയിലെ ശഹീദ് – ജംസീന ദമ്പതികളുടെ മൂത്ത മകനാണ് ആസിം. ജന്മനാ 90 ശതമാനം വൈകല്യമുണ്ട്. രണ്ടു കൈകളുമില്ല. നടക്കാന്‍ പ്രയാസമുണ്ട്. കേള്‍ക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.

താന്‍ പഠിച്ച വെളിമണ്ണ ഗവ. ലോവര്‍ പ്രൈമറി സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്താനുള്ള നിയമപോരാട്ടം വിജയിച്ചതോടെയാണ് ആസിം ജനശ്രദ്ധ നേടുന്നത്. ഹൈസ്കൂളാക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ആസിം. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ പ്രൈവറ്റായാണ് ആസിം പഠനം തുടരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ഉജ്ജ്വലബാല്യം പുരസ്‌കാരം,​ യൂണിസെഫിന്റെ ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡ്, കലാം ഫൗണ്ടേഷന്റെ ഇന്‍സ്‌പയറിംഗ് ഇന്ത്യന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button