IndiaLatestSports

കിവികൾ സെമിയിൽ.

“Manju”

ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ സെമി കാണാതെ പുറത്തായി. നേരിയ പ്രതീക്ഷകള്‍ പോലും ബാക്കിവെയ്ക്കാതെ അഫ്ഗാനിസ്ഥാനെയും ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ പുറത്തായത്. അഫ്ഗാനെതിരെ എട്ട് വിക്കറ്റ് ജയമാണ് കിവീസ് നേടിയത്. ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാമതാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ന്യൂസിലന്‍ഡും പാകിസ്ഥാനും സെമിയിലേക്ക് മുന്നേറി. അഫ്ഗാനെതിരെ എട്ട് വിക്കറ്റിന്റെ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കിവീസ് 18.1 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
നായകൻ കെയിൻ വില്യംസനും വിക്കറ്റ് കീപ്പർ ഡേവൻ കോൺവെയും ചേർന്നാണ് കിവി വിജയം എളുപ്പമാക്കിയത്. വില്യംസൻ 42 പന്തിൽ മൂന്ന് ബൗണ്ടറി സഹിതം 40 റണ്ണെടുത്തു. കോൺവേ 32 പന്തിൽ നാല് ബൗണ്ടറിയുടെ അകമ്പടിയോടെ 36 റണ്ണും സ്വന്തമാക്കി. ഓപണർമാരായ മാർട്ടിൻ ഗപ്റ്റിലും(23 പന്തിൽ നാല് ബൗണ്ടറിയോടെ 28) ഡാറിൽ മിച്ചലും(12 പന്തിൽ 17) മികച്ച തുടക്കമാണ് ന്യൂസിലൻഡിന് നൽകിയത്.
2012-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ടീം ഒരു ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ട് സ്റ്റേജിലെത്താതെ പുറത്താകുന്നത്. ഇതോടെ ഒരു ട്വന്റി 20 ലോകകപ്പ് വിജയം പോലുമില്ലാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയും.
ആദ്യ മത്സരത്തിൽ പാകിസ്താനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തിൽ കിവീസിനോട് എട്ടു വിക്കറ്റിനും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി സാധ്യത തുലാസിലായത്. പിന്നാലെ അഫ്ഗാനെതിരെയും സ്കോട്ട്ലൻഡിനെതിരെയും നേടിയ തകർപ്പൻ ജയത്തോടെ ഇന്ത്യ പ്രതീക്ഷ കാത്തിരുന്നു. എന്നാൽ ഇന്ന് കിവീസ് ജയം നേടിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.

Related Articles

Back to top button