KeralaLatestMotivation

അഞ്ചുപേരില്‍ തുടിപ്പേകി ഉഷാ ബോബന്‍ യാത്രയായി

“Manju”

മൃതസഞ്ജീവനി വഴിയുള്ള ഈ വര്‍ഷത്തെ 12-ാമത്തെ അവയവദാനം ഉഷാ ബോബനിലൂടെ അഞ്ചു രോഗികളിലേക്ക്. നവംബര്‍ മൂന്നിന് ഭര്‍ത്താവ് ബോബനോടൊപ്പം യാത്ര ചെയ്തിരുന സ്കൂട്ടറില്‍ കന്നേറ്റിപ്പാലത്തിനു സമീപം വച്ച്‌ ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷാ ബോബന്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനമെന്ന മഹത് ദാനത്തിന് തയ്യാറാകുകയായിരുന്നു.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ പ്രസക്തി ഉഷാ ബോബന്റെ ബന്ധുക്കള്‍ക്ക് ആ തീരുമാനം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന് പ്രചോദനമേകി. അവയവദാനത്തിന് ഉഷാ ബോബന്റെ ബന്ധുക്കള്‍ തയ്യാറായതറിഞ്ഞ് രോഗ്യ മന്ത്രി വീണാ ജോര്‍ജ് ആദരമറിയിക്കുകയും തുടര്‍നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കിംസിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ പ്രവീണ്‍ മുരളീധരന്‍, ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ മുരളീകൃഷ്ണന്‍, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ ഷബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ഞായര്‍ വൈകിട്ടോടെ ശസ്ത്രക്രിയ ആരംഭിച്ചു.
ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് നല്‍കിയത്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിയ്ക്ക് യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവന്‍, ഡോ ഉഷ (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.
മൃതസഞ്ജീവനിയുടെ അമരക്കാരായ ഡി എം ഇ ഡോ റംലാബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ്, ഡോ നോബിള്‍ ഗ്രേഷ്യസ്, കോ- ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ ഏകോപനത്തിലൂടെ രാത്രി വൈകി അവയവദാന പ്രകൃയ പൂര്‍ത്തീകരിച്ചു.
മകള്‍: ഷിബി ബോബന്‍. മരുമകന്‍: സുജിത് (ആര്‍മി). സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍.

Related Articles

Back to top button