KeralaLatest

‘ഇളയച്ഛാ, ഞങ്ങള്‍ ആസിഡ് കുടിച്ചു” നാടിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തം

“Manju”

കോട്ടയം: ‘ഇളയച്‌ഛാ..ഞങ്ങള്‍ ആസിഡ് കുടിച്ചു. ഇപ്പോള്‍ മരിക്കും.’ ആ വാക്കിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല സുവര്‍ണയുടെ കുടുംബാംഗങ്ങള്‍ക്ക്.
സുകുമാരനും കുടുംബവും ഇന്നലെ രാത്രിയാണ് ആസിഡ് കുടിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഭാര്യ സീന ഇന്നലെയും മൂത്തമകള്‍ സൂര്യ ഇന്ന് രാവിലെയുമാണ് മരിച്ചത്. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടേത് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുമാണ്. സുകുമാരന്‍ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇളയമകള്‍ സുവര്‍ണയെ വാര്‍ഡിലേക്ക് മാറ്റി. ബന്ധുക്കളെല്ലാം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. തൊട്ടടുത്തുള്ള സുകുമാരന്റെ അനുജന്‍ സന്തോഷിന്റെ വീട്ടിലേക്കാണ് നാട്ടുകാരും ബന്ധുക്കളുമെല്ലാം ഓടിയെത്തുന്നത്. തളര്‍ന്നിരിക്കുന്ന സന്തോഷിനെ സമാധാനിപ്പിക്കാന്‍ അവരെല്ലാം ശ്രമിക്കുന്നതും മറ്റൊരു കണ്ണീര്‍ക്കാഴ്‌ചയാണ്.
സുകുമാരന്റെ മൂത്തമകള്‍ സൂര്യയുടെ വിവാഹം അടുത്തമാസം 12 ന് നടത്താനിരുന്നതാണ്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം നടക്കുന്നതിനിടയിലായിരുന്നു പെട്ടെന്ന് വരന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറിയത്. അതിന്റെ മാനസിക പ്രയാസത്തിലായിരുന്നു നാലംഗ കുടുംബം എന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്. ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്ന സുകുമാരനും കുടുംബത്തിനും കടുത്ത സാമ്ബത്തിക പ്രയാസങ്ങളും നേരിട്ടതായി പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്ത് ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിന് മുന്നേയാണ് അടുത്ത ദുരന്ത വാര്‍ത്ത മലയാളികളെ തേടിയെത്തിയത്. സുകുമാരന്റെ നാട്ടുകാരെല്ലാം ഇപ്പോഴും ഞെട്ടലിലാണ്. എന്തിന് ഈ കടുംകൈ ചെയ്‌തെന്നാണ് പരസ്‌പരം അവര്‍ ചോദിക്കുന്നത്.

Related Articles

Back to top button