InternationalLatest

മലാല യൂസഫ്‌സായ് വിവാഹിതയായി

“Manju”

ലണ്ടന്‍: ആക്ടിവിസ്റ്റും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി വിവാഹിതയായി. 24 കാരിയായ മലാല തന്റെ നിക്കാഹ് ചടങ്ങിന്റെ ചിത്രങ്ങള്‍ ചൊവ്വാഴ്ച തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തു. യുകെയിലെ ബിര്‍മിംഗ്ഹാം നഗരത്തിലാണ് മലാലയുടെ വിവാഹ ചടങ്ങ് നടന്നത്.

ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. അസര്‍ എന്റെ ജീവിത പങ്കാളിയായി. ഞങ്ങള്‍ കുടുംബത്തോടൊപ്പം ബിര്‍മിംഗ്ഹാമിലെ വീട്ടില്‍ ഒരു ചെറിയ നിക്കാഹ് ചടങ്ങ് ആഘോഷിച്ചു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകണം. മുന്നോട്ടുള്ള യാത്രയിലാണ് ഞങ്ങള്‍- മലാല ചിത്രങ്ങള്‍ പങ്കുവച്ച്‌ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, വരന്റെ പേരല്ലാതെ മറ്റ് വിവരങ്ങല്‍ ഒന്നും മലാല പങ്കുവച്ചിട്ടില്ല. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലിക് ആണെന്നാണ് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിനെ തുടര്‍ന്ന് 2012ല്‍ 15ാം വയസില്‍ പാക് താലിബാന്‍ ഭീകരരുടെ വെടിയേറ്റതോടെയാണ് മലാല ലോകശ്രദ്ധ നേടുന്നത്.

പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെ എതിര്‍ത്ത താലിബാനെതിരെ ശക്തമായി നിലകൊണ്ട വ്യക്തിയാണ് മലാല. 2014ല്‍ 17-ാം വയസ്സില്‍ സമാധാനത്തിനുള്ള ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവായി. 2018ല്‍ അവര്‍ ആപ്പിള്‍ ന്യൂസില്‍ ലഭ്യമായ പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കുമായി അസംബ്ലി എന്ന ഡിജിറ്റല്‍ പ്രസിദ്ധീകരണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയില്‍ ബിരുദം നേടിയിരുന്നു.

Related Articles

Back to top button