KeralaLatestTech

ഇലക്ര്‌ടിക്‌ വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു

“Manju”

കോട്ടയം: ഇന്ധനവില കീശ ചോര്‍ത്തുമ്ബോള്‍ വൈദ്യുതി വാഹനങ്ങളിലേക്കു മാറുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയില്‍ ഇലക്ര്‌ടിക്‌ വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ 2 മാസത്തിനിടെ മൂന്നിരട്ടിയിലേറെ വര്‍ധനയുണ്ടായെന്നാണ്‌ അനൗദ്യോഗിക വിവരം.

ഇരുചക്ര വാഹനങ്ങളാണു വാങ്ങുന്നയില്‍ ഏറെയും. ശേഷി കുറഞ്ഞതും റജിസ്‌ട്രേഷനും ഡ്രൈവിങ്‌ ലൈസന്‍സും ആവശ്യമില്ലാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ ഇതിനു പുറമെ ഏറെ ഇറങ്ങുന്നു. ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്കു ബുക്ക്‌ ചെയ്‌തു കാത്തിരിക്കുന്നവരും ഒട്ടേറെ. പ്രമുഖ ബ്രാന്‍ഡുകള്‍ വിപണിയിലെത്തുന്നതോടെ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരാനിടയുണ്ടെന്നാണു സൂചന. നിലവില്‍ പല കമ്ബനികളുടെയു ഇലക്‌ട്രിക്‌ സ്‌കൂട്ടറുകള്‍ കിട്ടാനില്ല.
ഇന്ധനവിലയുമായി താരതമ്യം ചെയ്യുമ്ബോള്‍, മൂന്നിലൊന്നു ചെലവു പോലും വരില്ലെന്നതാണ്‌ ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്കു മാറാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഹ്രസ്വദൂര യാത്രക്കാരാണ്‌ ഏറെയും. എന്നാല്‍, കുന്നും മലയുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ഇലക്‌ട്രിക്ക്‌ വാഹനങ്ങളോട്‌ അത്ര പ്രിയം കാണിക്കുന്നില്ല.
ഒരു യൂണിറ്റു വൈദ്യുതി ഉപയോഗിച്ച്‌ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ ഓടുന്ന ഇരുചക്ര വാഹനങ്ങളുണ്ട്‌. 54000 മുതല്‍ 1.2 ലക്ഷം രൂപയാണു വില. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയും ഇന്ധന വില വര്‍ധനയ്‌ക്കൊപ്പം ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയും ആവശ്യക്കാര്‍ കൂടാനുള്ള കാരണമാണ്‌. ഒന്നിലേറെ കമ്ബനികള്‍ ഇലക്‌ട്രിക്‌ കാറുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും മറ്റു ജില്ലകളിലേത്‌ അപേക്ഷിച്ച്‌ ബുക്കിങ്ങ്‌ കുറവാണെന്നാണു വിവരണം.
ഫാസ്‌റ്റര്‍ അഡോപ്‌ഷന്‍ ആന്‍ഡ്‌ മാനുഫാക്‌ചറിങ്‌ ഓഫ്‌ ഇലക്‌ട്രിക്‌ വെഹിക്കിള്‍സ്‌ ഇന്‍ ഇന്ത്യ(ഫെയിം) പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്‌. ഒരു കിലോ വാട്ട്‌ അവര്‍ ശേഷിയുള്ള സ്‌കൂട്ടറിന്‌ 15000 രൂപയാണു നിലവില്‍ സബ്‌സിഡി. വാഹനത്തിന്റെ ശേഷി ഉയരുന്നതിനനുസരിച്ചു സബ്‌സിഡി തുകയും ഉയരും.
ചാര്‍ജിങ്‌ പോയിന്റുകള്‍
വന്നാല്‍, വില്‍പ്പന കസറും
കോട്ടയം: ചാര്‍ജിങ്‌ പോയിന്റുകളുടെ അഭാവം ഇലക്‌ട്രിക്‌ വാഹനങ്ങള്‍ വാങ്ങുന്നതു അല്‍പ്പം കൂടി വൈകിപ്പിക്കാന്‍ ഉപയോക്‌താക്കളെ പ്രേരിപ്പിക്കുന്നു. ചാര്‍ജിങ്‌ പോയിന്റുകളുടെയും സര്‍വീസ്‌ സെന്ററുകളുടെയും കുറവ്‌ പരിഹരിച്ച ശേഷം വാങ്ങിയാല്‍ മതിയെന്ന നിലപാടിലാണു ഭൂരിഭാഗം പേരും.
നിലവില്‍ കെ.എസ്‌.ഇ.ബിയുടെ ആറ്‌ ചാര്‍ജിങ്ങ്‌ സ്‌റ്റേഷനുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടു പോകുകയാണ്‌. ഇതിനൊപ്പം അനേര്‍ട്ടു സ്‌റ്റേഷന്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്‌. ഇതോടെ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. വീടുകളില്‍ നിന്നു ചാര്‍ജ്‌ ചെയ്യാമെങ്കിലും ഇതുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ പലരെയും പിന്തിരിപ്പിക്കുന്നു.

Related Articles

Back to top button