
: ഇടമണ്‍ സത്രം-പാപ്പന്നൂര്‍ റോഡില്‍ സ്കൂള്‍ സമയത്ത് ഓടിയ ടിപ്പറുകള്‍ നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞദിവസം രാവിലെ ഒന്‍പതോടെ ഇടമണ്‍ സത്രം ഭാഗത്തുനിന്ന് പൈപ്പ് ഫാക്ടറി ഭാഗത്തേക്കുപോയ ടിപ്പറുകളാണ് തടഞ്ഞിട്ടത്.
സ്കൂള്‍ തുറന്നതുമുതല്‍ റോഡിലൂടെ നിയന്ത്രണമില്ലാതെ ടിപ്പറുകള്‍ ഓടുകയായിരുന്നു. ഇവിടത്തെ ഹൈസ്കൂളിലേക്ക് ഇടമണ്‍ സത്രം കവലയില്‍നിന്ന് ഭൂരിഭാഗം കുട്ടികളും നടന്നാണെത്തുന്നത്. കൂടാതെ അടുത്തിടെ ടാര്‍ചെയ്ത റോഡ് ടിപ്പറുകള്‍ ഓടുന്ന പാതയായി മാറിയെന്നും ആക്ഷേപമുണ്ട്. അതിനാല്‍ ഏറെ കാത്തിരുന്ന് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ റോഡ് തകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. നിത്യേന നൂറുകണക്കിനു ടിപ്പറുകളാണ് ഒരുനിയന്ത്രണവുമില്ലതെ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കെത്തുന്നത്.