IndiaLatestMotivation

എസ്.ഐ ആകാന്‍ ശ്രമിച്ചു, ഐ.പി.എസുകാരനായി

“Manju”

ഹൈദരാബാദ്: മൂന്നു വര്‍ഷം മുമ്പ് എസ്.ഐ തെരഞ്ഞെടുപ്പിനുള്ള കായികക്ഷമത പരീക്ഷയില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ ഏതാനും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് സിരിസെട്ടി സംഗീര്‍ത്ത് പരാജയപ്പെട്ടത്.

ഈ വെള്ളിയാഴ്ച ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷനല്‍ പൊലീസ് അക്കാദമിയില്‍ നടക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പാസ്സിങ് ഔട്ട് പരേഡില്‍ 132 പേരില്‍ ഒരാളായി സംഗീര്‍ത്തും ഉണ്ടാകും. എസ്.ഐ സ്വപ്നം പൊലിഞ്ഞെങ്കിലും കഠിനാധ്വാനത്തിലൂടെയാണ് ഈ 27കാരന്‍ ഐ.പി.എസ് നേടിയത്. തെലങ്കാനയിലെ ബെല്ലംപള്ളിയില്‍ ഇലക്‌ട്രീഷ്യന്‍റെ മകനായി സാധാരണ കുടുംബത്തില്‍ ജനിച്ച സംഗീര്‍ത്ത് സംസ്ഥാന പൊലീസിന്‍റെ എസ്.ഐ പരീക്ഷ ജയിച്ചെങ്കിലും കായികക്ഷമത പരീക്ഷയില്‍ തോല്‍ക്കുകയായിരുന്നു.
800 മീറ്റര്‍ ഓട്ടം 160 സെക്കന്‍ഡുകള്‍കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്നെങ്കിലും താന്‍ സെക്കന്‍ഡുകള്‍ക്ക് പരാജയപ്പെട്ടെന്ന് സംഗീര്‍ത്ത് പറഞ്ഞു. പരാജയത്തില്‍ തളര്‍ന്നിരിക്കാതെ, കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുനീങ്ങി. കാര്യമായ വരുമാനം ഇല്ലാതിരുന്ന കുടുംബത്തെ സഹായിക്കാനായി ജലവൈദ്യുത പദ്ധതിയില്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറായും ജോലി നോക്കി.
രാവിലെ 7.30ന് സ്ഥിരമായി ഓഫിസിലെത്തിയിരുന്നു സംഗീര്‍ത്ത് ജോലിക്കിടയിലാണ് യു.പി.എസ്.സി പരീക്ഷക്ക് പഠിക്കാനായി സമയം കണ്ടെത്തിയിരുന്നത്. ആദ്യഘട്ടത്തില്‍ പരീക്ഷ പാസ്സാകുന്നത് ഏറെ ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്തിരിയാന്‍ ഒരുക്കമല്ലായിരുന്നു. ഒടുവില്‍ മൂന്നാമത്തെ ശ്രമത്തിലാണ് യു.പി.എസ്.സി യോഗ്യത നേടിയത്.
നാഷനല്‍ അക്കാദമിയിലെ പരീശീലനം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയ, സംഗീര്‍ത്ത് ഏതാനും മെഡലുകളും സ്വന്തമാക്കി. ഒസ്മാനിയ യൂനിവേഴ്സിറ്റിയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി. തെലങ്കാന കേഡറിലാണ് ജോലിക്ക് കയറുന്നത്. തന്നെ ഒരു ഐ.പി.എസ് ഓഫിസറായി കാണുകയെന്നത് പിതാവിന്റെ സ്വപ്നമായിരുന്നുവെന്ന് സംഗീര്‍ത്ത് പറഞ്ഞു. പാസ്സിങ് ഔട്ട് പരേഡിനു പിന്നാലെ വിദഗ്ധ പരിശീലനത്തിനായി ഫ്രാന്‍സിലേക്ക് പറക്കും.

Related Articles

Back to top button