KeralaLatestPathanamthitta

ശബരിമല തീര്‍ത്ഥാടനം; കെഎസ്‌ആര്‍ടിസിയുടെ ബസുകള്‍ സര്‍വ്വീസ് നടത്തും

“Manju”

പത്തനംതിട്ട; ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ ബസ് സര്‍വീസുകള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗം പമ്ബയില്‍ ചേര്‍ന്നതിന് ശേഷം പത്തനംതിട്ട കളക്ടറേറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഗതാഗതവകുപ്പ് ഉള്‍പ്പെടെ എല്ലാവകുപ്പുകളും ഇതുവരെ നടത്തിയ ക്രമീകരണങ്ങള്‍ തൃപ്തികരമാണ്. പമ്പയിലേക്ക് 231 കെ.എസ്.ആര്‍.ടി.സി ബസുകളാണ് പൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിന് മാത്രം 120 ബസുകള്‍ ഉണ്ടാകും. 80 നോണ്‍ എ.സി ബസുകളും 40 എ.സി വോള്‍വോ ബസുകളും ഉള്‍പ്പെടുന്നതാണ് ചെയിന്‍ സര്‍വീസ്. ഓരോ പത്ത് മിനിട്ടിലും ചെയിന്‍ സര്‍വീസ് ഉണ്ടാകും. പഴയ നിരക്ക് തന്നെയാകും ഇത്തവണയും ഈടാക്കുന്നത്. എ.സിക്ക് 80 രൂപയും നോണ്‍ എ.സി ബസിന് 50 രൂപയുമായിരിക്കും നിരക്ക്. 450 ജീവനക്കാര്‍ക്ക് സജ്ജമാകണ്. 15 മുതല്‍തന്നെ ബസുകള്‍ പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. എത്ര ബസ് ആവശ്യമായി വന്നാലും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, കുമളി, എരുമേലി എന്നീ സ്‌പെഷല്‍ സെന്ററുകളില്‍ കൂടുതല്‍ ബസുകള്‍ പൂള്‍ ചെയ്തിട്ടുണ്ട്. ശബരിമലയിലേക്ക് മറ്റ് ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ ബസുകള്‍ ആവശ്യപ്പെട്ടാല്‍ സ്‌പെഷല്‍ സെന്ററുകളില്‍ നിന്ന് ആവശ്യമായ ബസുകള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലത്തിന് മുന്‍പത്തെ പോലെ തീര്‍ഥാടകരുടെ വരവ് കണക്കിലെടുത്തുള്ള ക്രമീകരണങ്ങളാണ് ഇത്തവണ കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നത്.

സുരക്ഷിത തീര്‍ഥാടനം ഉറപ്പാക്കാന്‍ ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ സെയിഫ് സോണ്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി സര്‍വീസുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്കായി വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്ന് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്താത്തത് മൂലം സ്വകാര്യ ബസ് ഉടമകള്‍ ഭക്തരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുവാനും യാത്ര സുഗമമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രിതലത്തിലുള്ള ചര്‍ച്ച ഉള്‍പ്പെടെ പരിശോധിക്കും. താന്‍ നേരിട്ട് തമിഴ്‌നാട് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്താനും തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വരാനും മടങ്ങിപ്പോകാനുമുള്ള സംവിധാനം ഒരുക്കുന്നതിനാണ് ശ്രമിക്കുന്നത്. തമിഴ്‌നാട് – ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്നിധാനത്ത് എത്തുന്നത്. അവര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത്തവണത്തെ ശബരിമല തീര്‍ഥാടനത്തിന് യാതൊരു വിധത്തിലുമുള്ള കുറവില്ലാതെ നടത്തണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. അവസാന ഒരുങ്ങളില്‍ പോലും എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അവ പരിഹരിച്ച്‌ സീസണ്‍ സുഗമമാക്കുന്നതിനായാണ് യോഗം ചേര്‍ന്നത്.

ശബരിമല ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ മാത്രം വികാരമല്ല. ചൈതന്യം ആഗ്രഹിക്കുന്ന എല്ലാവരുടെയും ഒരു അഭയകേന്ദ്രമാണ് ശബരിമല. പ്രാധാന്യമുള്‍ക്കൊണ്ട് അയ്യപ്പഭക്തര്‍ക്ക് ഒരു കുറവുകളും ഇല്ലാതെ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ വകുപ്പുകള്‍ക്ക് ബാധ്യതയുണ്ട്. ഏതെങ്കിലും വകുപ്പുകളുടെ ഭാഗത്ത് നിന്നും കുറവുകള്‍ ഉണ്ടെങ്കില്‍ അവ നികത്തുന്നതിനായാണ് യോഗം ചേര്‍ന്നതെന്ന് മന്ത്രി പറഞ്ഞു.

ഇടവേളകളില്ലാതെ സഞ്ചരിക്കേണ്ട വിഭാഗമാണ് ഗതാഗത വകുപ്പ്. വകുപ്പ് ഇത് കൃത്യമായി ചെയ്യണമെങ്കില്‍ മറ്റ് വകുപ്പുകളുടെ അകമഴിഞ്ഞ പിന്തുണയും സഹായവും ആവശ്യമാണ്. കോവിഡിന് മുന്‍പ് ഭക്തര്‍ക്കായി ഒരുക്കിയിരുന്ന എല്ലാ സൗകര്യങ്ങളും ഇത്തവണയും ഒരുക്കുന്നുണ്ട്. സ്ഥിരമായി എത്തുന്ന ഭക്തര്‍ ഇത്തവണയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഭക്തരെ കടത്തിവിടുക. നിയന്ത്രണങ്ങള്‍ ശരിയായ രീതിയില്‍ നടത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും-അദ്ദേഹം പറഞ്ഞു.

Related Articles

Back to top button