IndiaLatest

ഇന്ന്‌ ലോക ടെലിവിഷന്‍ ദിനം

“Manju”

ഇന്ന്‌ നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനം. ടെലിവിഷനിലൂടെ ലോകം ഒരു ഗ്രാമമായി ചുരുങ്ങുമെന്ന് പ്രവചിച്ചത് ഇലക്‌ട്രോണിക്‌സ് യുഗത്തിന്റെ പ്രവാചകന്‍ മാര്‍ഷല്‍ മക്‌ലുഹനാണ്. ഇന്റര്‍നെറ്റ് സാധ്യമാക്കിയ നവമാധ്യമങ്ങളുടെ ഇക്കാലത്തും ലോകത്ത് ഏറ്റവും കൂടുതല്‍ ഉപേയാക്താക്കളുള്ള ബഹുജന മാധ്യമം ടെലിവിഷന്‍ തന്നെയാണ്.

ലോകരാഷ്ട്രങ്ങളെല്ലാം നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി ആചരിക്കണമെന്ന്‌ 1996 ഡിസംബര്‍ 17-ന്‌ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ഒരു പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു. ആഗോളസുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച്‌ ലോകത്തെ ജാഗരൂകരാക്കാനും തീരുമാനങ്ങളെടുക്കാനും ടെലിവിഷന്റെ വര്‍ധിത സ്വാധീനം ഉപകരിക്കുമെന്ന്‌ മനസ്സിലാക്കിയായിരുന്നു പ്രഖ്യാപനം.

ഏറ്റവും മികച്ച ആശയവിനിമയ മാധ്യമമെന്നനിലയില്‍, മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങളെ ലോകസമക്ഷം അവതരിപ്പിക്കുന്നതില്‍ ടെലിവിഷന് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന്‌ സഭ മനസ്സിലാക്കി. ബന്ധപ്പെട്ട വിഷയങ്ങളില്‍ വേറെയും ദിനങ്ങളുള്ളതിനാല്‍ ടെലിവിഷന്‌ പ്രത്യേകമായി ഒരുദിനം വേണ്ടെന്ന്‌ ജര്‍മനി പ്രമേയത്തെ എതിര്‍ത്തു. അക്കൊല്ലം (1996) നവംബര്‍ 21-22 തീയതികളില്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ത്തന്നെ വേള്‍ഡ്‌ ടെലിവിഷന്‍ ഫോറം വളരെ വിശദമായി ടെലിവിഷന്റെ പ്രാധാന്യം ചര്‍ച്ചചെയ്തിരുന്നു.

ടെലിവിഷന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞിരുന്നു. അന്‍പത്‌ ലോകരാജ്യങ്ങളിലെ ടെലിവിഷന്‍ മേഖലയിലെ 150 പ്രമുഖരാണ്‌ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്‌ ഈ ചര്‍ച്ചകള്‍ നടത്തിയത്‌. ജനങ്ങള്‍ക്ക്‌ വിജ്ഞാനം പകരുന്നതിനും ജനവികാരങ്ങളെ സ്വാധീനിച്ച്‌ ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിനും ടെലിവിഷന് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന്‌ അവര്‍ ബോധ്യപ്പെടുത്തി. ആഗോളവത്കരണത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രതീകമായി ടെലിവിഷന്‍ എന്ന മാധ്യമത്തെ അവര്‍ കണ്ടത്‌ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.

ആഗോളതലത്തില്‍ 234 രാജ്യങ്ങളിലായി 80,000-ലേറെ ടെലിവിഷന്‍ ചാനലുകളാണ്‌ ഇപ്പോള്‍ പ്രക്ഷേപണം നടത്തുന്നത്‌. ലോകമാകെ 170 കോടി വീടുകളിലാണ്‌ ഒന്നോ അതിലധികമോ ടെലിവിഷനുള്ളത്‌.
ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളില്‍ മഹാമാരിയുടെ കാലമായ 2020-ല്‍പ്പോലും 26,200 കോടിയുടെ പരസ്യവരുമാനമുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത്‌ ഒരു ശരാശരി പ്രേക്ഷകന്‍ നിത്യേന നാലുമണിക്കൂറിലേറെ ടെലിവിഷന്‍ കാണുന്നതായാണ്‌ പഠനം. ടെലിവിഷന്റെ വ്യാപ്തിയും പ്രാധാന്യവും ടെലിവിഷന്‍ ദിനം ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മിപ്പിക്കുന്നു.

Related Articles

Back to top button