IndiaLatest

കോവളത്ത് യു എസ് പൗരന്‍ പുഴുവരിച്ച നിലയില്‍

“Manju”

കോവളം: ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലില്‍ വിദേശിയായ കിടപ്പു രോഗിയെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം വമിക്കുന്ന മുറിക്കുള്ളില്‍ അമേരിക്കന്‍ പൗരനായ ഇയാളുടെ കിടക്കയിലേക്ക് ഉറുമ്ബരിച്ചു കയറുന്ന നിലയിലായിരുന്നു എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസിലെ ബീറ്റ് ഓഫിസര്‍മാരില്‍ ഒരാള്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിലും പാലിയം ഇന്ത്യയിലും ഉള്‍പ്പെട്ടവരുടെ സംഘം വൈകിട്ടു ഹോട്ടലില്‍ എത്തിയത്. കൊളുത്തിട്ട മുറിക്കുള്ളില്‍ നിന്നു ഞരക്കവും നിലവിളിയും കേള്‍ക്കാമായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. മുറി തുറന്നു കയറിയ തങ്ങള്‍ ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടത്. രോഗിയുടെ മുതുകുഭാഗത്ത് രണ്ടു വലിയ വ്രണങ്ങള്‍ കണ്ടെത്തി. ഇതു കാരണമാകാം ഉറുമ്ബു സാന്നിധ്യം എന്നു കരുതുന്നു. രോഗിയെ പരിചരിച്ചു താല്‍ക്കാലിക ആശ്വാസം നല്‍കിയെന്നു സംഘം അറിയിച്ചു.
ഹോട്ടല്‍ മുറിയില്‍ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഒരു വര്‍ഷം മുന്‍പ് കോവളത്തെത്തിയ വിദേശി വീണു എന്നും ഇതിന് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ തുടര്‍ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലില്‍ തന്നെ വിദേശിയെ കിടത്തുകയായിരുന്നു എന്നാണു വിവരം. അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തോട് ഹോട്ടല്‍ അധികൃതര്‍ തട്ടിക്കയറിയതായി പറയുന്നു. ഇയാള്‍ക്ക് സഹായിയായി ഉണ്ടായിരുന്നയാള്‍ ഇര്‍വിന്റെ പാസ്പോര്‍ട്ട് ഉള്‍പെടെയുള്ള രേഖകളുമായി ശ്രീലങ്കയിലേക്ക് പോയതോടെ തുടര്‍ ചികിത്സയും പരിചരണവും മുടങ്ങി.
ഈ വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ ഹോട്ടലുടമ തട്ടിക്കയറിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍ പറഞ്ഞു. ഡോ. അഞ്ജലി, സിസ്റ്റര്‍മാരായ ഭിനു, അക്ഷയ, മനീഷ എന്നിവരുടെ സംഘമാണ് വിവരമറിഞ്ഞ് എത്തിയത്.

Related Articles

Back to top button