KeralaLatest

കര്‍മ പദ്ധതി വ്യാപിപ്പിക്കും: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ദീര്‍ഘകാല പദ്ധതിയായി കേരളം നടപ്പാക്കുന്ന ജൈവവൈവിധ്യ ആസൂത്രണ കര്‍മ പദ്ധതി അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ പരിപാലന രംഗത്ത് ഇതു വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ ബോര്‍ഡിന്റെ 2019, 2020 വര്‍ഷങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജൈവവൈവിധ്യ സംരക്ഷണം സാമൂഹിക ഉത്തരവാദിത്തമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. യു.എന്‍.ഡി.പി. സഹായത്തോടെ നടപ്പാക്കുന്ന ജൈവവൈവിധ്യ ആസൂത്രണ കര്‍മ പദ്ധതി വരുന്ന 10 വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര ജൈവവൈവിധ്യ ഉപയോഗത്തിനും അതുവഴി ജനങ്ങളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികള്‍ വഴി നടപ്പാക്കുന്ന പദ്ധതി, ആദ്യ ഘട്ടമായി അതിരപ്പള്ളി പഞ്ചായത്തിലാണു നടപ്പാക്കിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴെല്ലാം പരിസ്ഥിതി സംരക്ഷണവും ജൈവ വൈവിധ്യ സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ സംസ്ഥാനം അതീവ ശ്രദ്ധവയ്ക്കുന്നുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിച്ച സംസ്ഥാനങ്ങളില്‍ തുടര്‍ച്ചായി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരളത്തിനു കഴിയുന്നത് ഇതുകൊണ്ടാണ്.

ജൈവവൈവിധ്യ സംരക്ഷണത്തിന്റെ മികച്ച മാതൃകകള്‍ മുന്നോട്ടുവയ്ക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ജൈവവൈവിധ്യ പരിപാലന സമിതികള്‍ രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാണ്. എല്ലാ പഞ്ചായത്തിലും ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പൂര്‍ത്തിയാക്കി. ഓരോ പ്രദേശത്തേയും ജൈവ സമ്ബത്തിന്റെ പൂര്‍ണ വിവര പട്ടികയാണ് ഈ രജിസ്റ്ററിലുള്ളത്. തദ്ദേശതലങ്ങളില്‍ ജൈവ വൈവിധ്യ സംരക്ഷണത്തിനും പദ്ധതി ആസൂത്രണത്തിനും ഇത് ഉപകാരപ്പെടുന്നുണ്ട്. ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ ഡിജിറ്റൈസേഷന്‍ ആരംഭിച്ചതായും ജനകീയ പങ്കാളിത്തത്തോടെ ഇക്കാര്യത്തിലും പൂര്‍ണ വിജയം കൈവരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Check Also
Close
Back to top button