InternationalLatest

കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ സൈന്യം; വടക്കൻ ഗാസയിൽ പ്രവേശിച്ച ദൃശ്യങ്ങൾ പുറത്ത്.

“Manju”

ടെല്‍അവീവ് : ഹമാസിനെതിരെ കരയുദ്ധം ആരംഭിച്ചതായി അറിയിച്ച് ഇസ്രായേൽ. വടക്കൻ ഗാസയിൽ സൈനിക ടാങ്കുകൾ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. സൈന്യം വടക്കൻ ഗാസയിൽ പ്രവേശിച്ചതായും ഭീകരരുടെ ബങ്കറുകളും മിസൈൽ ലോഞ്ച് പോസ്റ്റുകൾ തകർത്തതായും ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് സേന എക്‌സിൽ കുറിച്ചു.

അടുത്ത ഘട്ട യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പ്രതിരോധ സേന വടക്കൻ ഗാസയിൽ പ്രവേശിച്ചു. ഐഡിഎഫ് ടാങ്കുകളും സൈന്യവും ഭീകരവാദികളിടെ സെല്ലുകളും ആന്റി ടാങ്ക് മിസൈൽ ലോഞ്ചുകളും തകർത്തു. സൈനികർ തിരികെ മടങ്ങിയെത്തി. ഐഡിഎഫ് എക്‌സിൽ കുറിച്ചു.

സൈനിക നീക്കത്തിന് മുന്നോടിയായി വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. തെക്കൻ ഗാസയിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നായിരുന്നു നിർദ്ദേശം. വ്യോമാക്രമണം അവസാനിപ്പിച്ച് വടക്കൻ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തുമെന്ന് ഇസ്രായേൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായി ആഴ്ചകൾക്ക് മുമ്പ് തന്നെ അതിർത്തിയിൽ സൈനിക വിന്ന്യാസം പൂർത്തിയാക്കി.

ആവശ്യമായ ആയുധങ്ങൾ അമേരിക്ക ഇസ്രായേലിന് കൈമാറിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവർ ഇസ്രായേലിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചു. ഇതിന് പിന്നാലെയാണ് കരമാർഗം ആക്രമണം വ്യാപിപ്പിക്കാൻ ഇസ്രായേൽ ആരംഭിച്ചിരിക്കുന്നത്.

 

 

 

Related Articles

Back to top button