ErnakulamKeralaLatest

കാറില്‍ സൈറണ്‍ വെച്ച്‌ പാഞ്ഞു: യുവാവിന് പിഴ

“Manju”

കാക്കനാട്: ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ കാറില്‍ സൈറണ്‍ മുഴക്കി പാഞ്ഞ യുവാവിനെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. സൈറണ്‍ മുഴക്കി പോകുന്ന കാറിന്റെ വീഡിയോ യുവാക്കള്‍ എടുത്തതാണ് ഇയാളെ പിടികൂടാന്‍ സഹായിച്ചത്.

കഴിഞ്ഞ ദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലന്‍സിന്റേതു പോലെയുള്ള ശബ്ദം മുഴുക്കുന്ന യന്ത്രം ഉപയോഗിച്ച്‌ കാര്‍ യാത്രക്കാരന്‍ പാഞ്ഞത്. ആംബുലന്‍സ് അല്ലെന്ന്‌ മനസ്സിലാക്കിയ ചില യുവാക്കള്‍ കാറിനെ പിന്തുടര്‍ന്നു. ഇതിന്റെ വീഡിയോ എടുക്കുകയും വണ്ടി നമ്ബര്‍ കുറിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഇത് ആര്‍.ടി.ഒ പി.എം. ഷബീറിന് അയച്ച്‌ കൊടുക്കുകയായിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. ചന്തുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പുക്കാട്ടുപടി സ്വദേശി അന്‍സാറാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി 2,000 രൂപ പിഴ ചുമത്തി.

ആദ്യം വാഹനത്തിന്റെ ആര്‍.സി. ബുക്കിലെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നേരിട്ട് ഇയാളുടെ വീട്ടിലെത്തി. ആദ്യം കുറ്റം നിഷേധിച്ച അന്‍സാര്‍, പിന്നീട് കേസാകുമെന്ന് അറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി ഓണ്‍ലൈനിലൂടെ സൈറന്‍ വാങ്ങി ഘടിപ്പിക്കുകയായിരുന്നെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Related Articles

Back to top button