KeralaKottayamLatest

റബ്ബര്‍ ഷീറ്റ് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അധികവില പ്രഖ്യാപിച്ച്‌ റബ്ബര്‍ ബോര്‍ഡ്

“Manju”

കോട്ടയം: റബ്ബര്‍ ഷീറ്റിന് കിലോയ്ക്ക് രണ്ട് രൂപ അധിക വില പ്രഖ്യാപിച്ചു. ഷീറ്റ് റബ്ബറിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് റബ്ബര്‍ ബോര്‍ഡ് അധിക വില പ്രഖ്യാപിച്ചിരിക്കുന്നത്. റബ്ബര്‍ പാല്‍ ഉല്‍പാദിപ്പിച്ച്‌ വില്‍പന നടത്തുന്നതിനു പകരം ഷീറ്റ് റബ്ബര്‍ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ധനസഹായമെന്ന് റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു.
റബ്ബര്‍ ഉല്‍പാദകസംഘങ്ങളിലും റബ്ബര്‍ ബോര്‍ഡ് കമ്പനികളിലും വില്‍ക്കുന്ന ഷീറ്റിനാണ് സഹായം ലഭിക്കുക. അടുത്ത 3 മാസത്തേക്കാണ് പദ്ധതി. മൂന്നു മാസം കൊണ്ട് ഒരു കര്‍ഷകന് പരമാവധി 5,000 രൂപ വരെ അധികം ലഭിക്കുമെന്നാണ് ബോര്‍ഡ് കണക്കാക്കുന്നത്. വിപണിയിലെ റബ്ബര്‍ ഷീറ്റ് ക്ഷാമം പരിഹരിക്കുന്നതിനാണ് ഈ പദ്ധതി. ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും.

മഴയും ഇറക്കുമതിയിലെ ഇടിവും മൂലം റബ്ബര്‍ വിപണിയില്‍ കടുത്ത ക്ഷാമമുണ്ട്. നവംബറിലെ ഉല്‍പാദനത്തില്‍ 40 ശതമാനം ഇടിവ് ഉണ്ടാകുമെന്നും റബ്ബര്‍ ബോര്‍ഡ് കരുതുന്നു. ഷീറ്റ് റബ്ബര്‍വില കിലോയ്ക്ക് 188 രൂപ എത്തി. 2013നു ശേഷം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. റബ്ബര്‍ പാലിന് (ലാറ്റക്‌സ്) കിലോയ്ക്ക് 134 രൂപയാണ് വില.

Related Articles

Back to top button