IndiaLatest

രാഷ്ട്രപതിയുടെ സുരക്ഷ ക്രമീകരണ വിവരങ്ങള്‍ ചോര്‍ന്നു

“Manju”

കാണ്‍പൂര്‍: രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. രാഷ്​ട്രപതിയുടെ രണ്ടു ദിവസത്തെ കാണ്‍പൂര്‍ സന്ദര്‍ശനത്തിന്​ ഏര്‍പ്പെടുത്തിയ സുരക്ഷ ​ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖയാണ്​ സമൂഹമാധ്യമങ്ങളിലൂടെ ചോര്‍ന്നത്​. സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച രേഖകള്‍ വാട്​സ്​ആപിലൂടെ പ്രചരിക്കുകയായിരുന്നു.

രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ് പങ്കെടുക്കുന്ന വേദികളിലെ സുരക്ഷ, വിവിധ സേനകളുടെ വിന്യാസം, മറ്റു സുരക്ഷ ക്രമീകരണങ്ങള്‍ തുടങ്ങിയവയുടെ രേഖ മുതിര്‍ന്ന ഉദ്യോഗസ്​ഥര്‍ക്ക്​ വിതരണം ചെയ്​തിരുന്നു. ഇതാണ്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്​. സംഭവത്തില്‍ കാണ്‍പൂര്‍ പൊലീസ്​ കമ്മീഷണര്‍ അസിം അരുണാണ്​ അന്വേഷണത്തിന്​ ഉത്തരവിട്ടത്​.‘എ.ഡി.സി.പി(ട്രാഫിക്​) രാഹുല്‍ മിതാസിനാണ്​ അന്വേഷണം. രേഖ പരസ്യമാക്കിയ ഉദ്യോഗസ്​ഥരെ കണ്ടെത്താനും അവ പരസ്യമാക്കിയതിന്​ പിന്നിലെ ഉദ്ദേശവും കണ്ടെത്താനാണ്​ നിര്‍ദേശം’ – കമ്മീഷണര്‍ വ്യക്തമാക്കി.

ബുധനാഴ്ചയും വ്യാഴാഴ്ചയുമായിരുന്നു​ രാഷ്​ട്രപതിയുടെ കാണ്‍പൂര്‍ സന്ദര്‍ശനം. രാഷ്​ട്രപതി സന്ദര്‍ശനത്തിന്​ മുന്നോടിയായി പൊലീസ്​ കമ്മീഷണറേറ്റ്​ സുരക്ഷ ചുമതലകള്‍ സംബന്ധിച്ച്‌​ ബ്ലൂ പ്രിന്‍റ്​ തയാറാക്കിയിരുന്നു. 76 പേജുള്ള ബുക്ക്​ലെറ്റില്‍ സന്ദര്‍ശനത്തിന്റെ രേഖകളും സുരക്ഷ ക്രമീകരണങ്ങളും രേഖപ്പെടുത്തിയിരുന്നു. ഒപ്പം സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്​ഥരുടെ പേരു വിവരങ്ങളും ഫോണ്‍ നമ്പറുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഈ രേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ബുക്ക്​ലെറ്റില്‍ രേഖപ്പെടുത്തിയിരുന്നു.

Related Articles

Back to top button