IndiaLatest

സ്ത്രീധനതുക വനിതാ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നല്‍കി നവവധു

“Manju”

ജയ്പൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ അരങ്ങേറുന്ന ഇന്ത്യയില്‍ വേറിട്ട രീതി സ്വീകരിച്ചിരിയ്ക്കയാണ് രാജസ്ഥാന്‍ സ്വദേശിനിയായ നവവധു. സ്ത്രീധനത്തിനായി മാറ്റിവച്ച തുക പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മ്മിക്കാനായി നല്‍കിയ നവവധുവാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം . ബാര്‍മര്‍ നഗരത്തിലെ കിഷോര്‍ സിംഗ് കാനോദിന്റെ മകള്‍ അഞ്ജലി കന്‍വാറാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വന്‍തുക സംഭാവന നല്‍കിയത്.

നവംബര്‍ 21നായിരുന്നു പ്രവീണ്‍ സിംഗ് എന്ന യുവാവുമായി അഞ്ജലിയുടെ വിവാഹം. തനിക്ക് സ്ത്രീധനത്തിനായി മാറ്റിവച്ച തുക ഹോസ്റ്റല്‍ നിര്‍മാണത്തിന് നല്‍കണമെന്ന് അഞ്ജലി പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു.
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം പിതാവ് കിഷോര്‍ സിങ് കനോദ് ബ്ലാങ്ക് ചെക്കുമായി അഞ്ജലിയെ സമീപിക്കുകയും ആവശ്യമുള്ള പണം എഴുതിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ മഹന്ത് പ്രതാപ് പുരിയെ പണം നല്‍കുന്ന വിവരം കത്ത് വഴി അറിയിച്ചു. മഹന്ത് പ്രതാപ് പുരിയാണ് ചടങ്ങിനെത്തിയവരെ ഇക്കാര്യം അറിയിച്ചത്. അഞ്ജലിയേയും കുടുംബത്തിനെയും പ്രശംസിച്ച പ്രതാപ് പുരി അഞ്ജലിയുടെ തീരുമാനം ആവേശം കൊള്ളിക്കുന്നതാണെന്നും പ്രതികരിച്ചു .

പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് കിഷോര്‍ സിങ് കനോദ് ഒരു കോടി രൂപ മുന്‍പ് സംഭാവന നല്‍കിയിരുന്നു. ബാക്കി ആവശ്യമായിവന്ന  75 ലക്ഷം രൂപ നല്‍കിയ അഞ്ജലിക്ക് വില്ലേജ് ഓഫീസര്‍ നന്ദി അറിയിച്ചതായുമാണ് റിപ്പോര്‍ട്ട്. അഞ്ജലിയുടെയും പിതാവിന്റെയും നിര്‍ണായക തീരുമാനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ .

Related Articles

Back to top button