InternationalLatestUncategorized

8 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക്

“Manju”

വാഷിംഗ്ടണ്‍: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കയില്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ വൈറസ് വകഭേദം പ്രസിഡന്റ് ജോ ബൈഡന് തലവേദന സൃഷ്ടിക്കുമെന്ന കണക്ക്കൂട്ടലിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നതില്‍ ബൈഡന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ഭീഷണിയായി ഒമിക്രോണ്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങള്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാവെ, നമീബിയ, ലെസോതോ, എസ്വറ്റിനി, മൊസാംബിക്, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാജ്യങ്ങളില്‍ യാത്ര ചെയ്ത വിദേശ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനമുണ്ടാകില്ല. ഒമിക്രോണ്‍ ലോകാരോഗ്യത്തിന് പുതിയ ഭീഷണിയായേക്കാമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Related Articles

Back to top button